
കല്‍പ്പറ്റ: ബഫര്‍സോണ്‍ വിഷയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റേയും കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടേയും കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്റേയും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റേയും സംയുക്ത യോഗം നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖിന്റെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്തു. ബഫര്‍സോണ്‍ വിഷയത്തില്‍ നിയോജകമണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളേയും ഒന്നിച്ച് ഏകോപിപ്പിച്ച് പ്രശ്നപരിഹാരത്തിന് ആക്കം കൂട്ടാന്‍ എം.എല്‍.എ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ തീരുമാനമെടുത്തു.
സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായി നിലനിര്‍ത്തണമെന്ന സുപ്രീംകോടതി വിധി വയനാട് ജില്ലയെ ആകെ ബാധിക്കുന്നതാണ്. വന്യജീവി സങ്കേതത്തോട് വളരെ ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളാണ് ജില്ലയില്‍ കൂടുതലുള്ളത്. എന്നാല്‍ പുതിയ ഉത്തരവില്‍ സംരക്ഷിത വനാതിര്‍ത്തിയുടെ ഒരു കിലോമീറ്റര്‍ നിര്‍ബന്ധമായും പരിസ്ഥിതിലോല പ്രദേശം ആകുമെന്ന് വരുന്നതോടെ ജില്ലയില്‍ കൂടുതല്‍ ജനങ്ങളെ ഉത്തരവ് ബാധിക്കും. പുതിയ നിര്‍മ്മിതികള്‍ പാടില്ല എന്ന് മാത്രമല്ല നിലവിലുള്ളവയെ കുറിച്ച് പ്രിന്‍സിപ്പല്‍ ചീഫ് വൈല്‍ഡ് കണ്‍സര്‍വേറ്റര്‍ റിപ്പോര്‍ട്ട് നല്കണമെന്നുണ്ട് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അനന്തര നടപടി വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കും.
വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളാണ് കൂടുതല്‍ കൃഷി ഭൂമിയും സ്ഥിതിചെയ്യുന്നത്. പുതിയ ഉത്തരവ് നടപ്പിലാകുന്നതോടെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിഭൂമി നഷ്ടപ്പെടുകയും ചെയ്യും. അടിക്കടി കേന്ദ്ര പരിസ്ഥിതി വകുപ്പില്‍ നിന്നും, കോടതിയില്‍ നിന്നും ജനങ്ങള്‍ക്കെതിരായി പരിസ്ഥിതിലോല മേഖല സംബന്ധിച്ച് വിധിന്യായങ്ങള്‍ ഉണ്ടാകുന്നത് ഭയം ഉളവാക്കുന്ന ഒന്നാണ് എന്ന് യോഗം വിലയിരുത്തി. വയനാട്ടിലെ ജനങ്ങളുടെ ജീവിതവും, ജീവനോപാധികളും തകര്‍ത്തെറിഞ്ഞ് സുപ്രീംകോടതി വിധിയുടെ മറവില്‍ പന്താടാന്‍ ഒരിക്കലും അനുവദിക്കില്ല. അതിനുവേണ്ടി സുപ്രീംകോടതി വിധിയില്‍ പറഞ്ഞ പരിഹാരമാര്ഗനിര്ദ്ദേശങ്ങള് ഉപയോഗപ്പെടുത്താനും അതിനുവേണ്ടിയുള്ള സത്വര നടപടികള്‍ക്ക് നേതൃത്വം കൊടുക്കുവാനും യോഗം തീരുമാനിച്ചു.
നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് അടിസ്ഥാനത്തില്‍ പൊതുസഭകള്‍ വിളിച്ച് ചേര്‍ക്കാനും, ബഫര്‍ സോണ്‍ പരിധിയില്‍ വരുന്ന വാര്‍ഡുകളിലെ ഗ്രാമസഭകള്‍ വിളിച്ച് ചേര്‍ക്കാനും, മുഖ്യന്ത്രി അടക്കമുള്ള കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളെ നേരില്‍ കാണാനും യോഗം തീരുമാനിച്ചു.
സംരക്ഷിത വനപ്രദേശങ്ങള്‍ക്കും, ഉദ്യാനങ്ങള്‍ക്കും സമീപത്തായി ചുറ്റും ഒരു കിലോമീറ്റർ ദൂരപരിധിയില്‍ സംരക്ഷിത ഭൂപ്രദേശ പ്രഖ്യാപനം വലിയ രീതിയില്‍ ജീവിത സാഹചര്യങ്ങളേയും അനുബന്ധ വികസന പ്രവര്‍ത്തനങ്ങളേയും സാരമായി ബാധിക്കുന്ന ഒന്നായതിനാല്‍ ഒരു കിലോമീറ്റർ ദൂരപരിധി പരിപൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് യോഗം ഐക്യകണ്ഠേനെ ആവശ്യപ്പെടുന്നുവെന്ന് പ്രമേയം പാസാക്കി കൊണ്ട് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ പറഞ്ഞു.
ഗ്രാമസഭകള്‍, പഞ്ചായത്ത് ഭരണസമിതി, കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ തുടങ്ങി എല്ലാ മേഖലകളേയും ജനങ്ങളെ സംരക്ഷിക്കാന്‍ കോര്‍ത്തിണക്കി കൊണ്ടുള്ള പ്രവര്‍ത്തന പരിപാടികള്‍ക്ക് യോഗം രൂപം നല്കി.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭാ ചെയര്മാന് മുജീബ് കേയംതൊടി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്, തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷിബു വി.ജി, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് രേണുക ഇ.കെ, മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാടന്‍, മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീക്ക്, പൊഴുതന പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ബാബു, എന്നിവര്‍ പങ്കെടുത്തു.
0 Comments