എം.എല്‍.എ യുടെ ഇടപെടല്‍ ഫലം കണ്ടു; കെ.എസ്.ആര്‍.ടി.സി കോഴിക്കോട് നിന്ന് ചെയിന്‍ സര്‍വ്വീസുകള്‍ നടത്തും

കല്‍പ്പറ്റ: യാത്രാ ക്ലേശം നേരിടുന്ന വയനാട്ടിലേക്ക് ചെയിൻ സർവിസുകൾ നടത്താൻ കെ.എസ്.ആര്‍.ടി.സി തീരുമാനം. കൽപറ്റ എം.എല്‍.എ അഡ്വ.ടി.സിദ്ദിഖിന്റെ ഇടപെടലിലാണ് കെ.എസ്.ആര്‍.ടി.സി  കോഴിക്കോട് നിന്ന് ചെയിന്‍ സര്‍വ്വീസുകള്‍ നടത്തുന്നത്.

കെ.എസ്.ആര്‍.ടി.സി യല്ലാതെ മറ്റ് യാത്രാമാര്‍ഗങ്ങളില്ലാത്ത വയനാട് ജില്ലയോട് കാണിക്കുന്ന അവഗണനയെ തുടര്‍ന്ന് മെയ് 31ന് ഗതാഗത വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ വയനാട്ടിലേക്കുള്ള യാത്രാക്ലേശത്തെ കുറിച്ച് ബോധ്യപ്പെടുത്തുകയും നിവേദനം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി യും ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് വെച്ച് ജൂണ്‍ 8ന് നോര്‍ത്ത് സോണ്‍ യോഗം വിളിച്ചു ചേർക്കുകയും ചെയ്തിരുന്നു. ഈ യോഗത്തിൽ വെച്ച് യാത്രാ ക്ലേശത്തിന് പരിഹാരം കാണാമെന്ന് ഉറപ്പ് എം.എൽ.എ യ്ക്ക് ഉറപ്പ് ലഭിച്ചിരുന്നു.  

വയനാട് പോലുള്ള ഒരു പിന്നോക്ക ജില്ലയില്‍ യാത്രയ്ക്ക് സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്നത് കെ.എസ്.ആര്‍.ടി.സിയെ മാത്രമാണ്. ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും സാധാരണ ജനങ്ങളും കോവിഡ് പശ്ചാത്തലത്തിന് ശേഷം കോഴിക്കോട് നിന്നും വൈകുന്നേരങ്ങളില്‍ വയനാട്ടിലേക്ക്  എത്തിപ്പെടാന്‍ പ്രയാസപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി, കോഴിക്കോട് ഡിപ്പോകളിലുള്ള ബസുകള്‍ വൈകുന്നേരം 5 മുതല്‍ രാത്രി 10.30 വരെ വിവിധ സമയങ്ങളിലായി 12 ഓളം ചെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചത്.

കല്‍പ്പറ്റയില്‍ നിന്നും തിരുവനന്തപുരത്തേക്ക് നിലവില്‍ സര്‍വ്വീസ് നടത്തി വരുന്ന കെ.എസ്.ആര്‍.ടി.സി ബസ് കാലപ്പഴക്കം ചെന്നതും ദീര്‍ഘദൂര സര്‍വ്വീസിന് അനുയോജ്യമല്ലാത്തതുമാണ്. ജില്ലയില്‍ നിന്നും മറ്റ് യാത്രാ മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ നിലവില്‍ സര്‍വ്വീസ് നടത്തിക്കൊണ്ടിക്കുന്ന ബസ് മാറ്റി സര്‍ക്കാരിന്റെ പുതിയ സ്വിഫ്റ്റ് ബസ് ഉടനെ പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞതായി എം.എല്‍.എ അറിയിച്ചു.