തീവ്രവാദവും മത നിഷേധചിന്തയും യുവാക്കളെ വേട്ടയാടുന്നു-ടി. പി. അബ്ദുല്ലകോയ മദനി

മലപ്പുറം: മത നിഷേധത്തിന്റെയും  തീവ്രചിന്തകളുടെയും പിടിയിൽ നിന്ന് യുവാക്കളെ മോചിപ്പിക്കാൻ ബോധപൂർവമായ ശ്രമം വേണമെന്ന് കെ എൻ എം സംസ്ഥാന പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി അഭിപ്രായപ്പെട്ടു.

'ഇസ്‌ലാം അതിരുകളില്ലാത്ത കാരുണ്യം സുതാര്യമായ ദർശനം' എന്ന പ്രമേത്തിലുള്ള  ഐ എസ് എം സംസ്ഥാന കാമ്പയിൻ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസത്തിന്റെ കൂട്ടിൽ വളരുന്ന മതനിഷേധചിന്തകൾ ധാർമിക സദാചാരമൂല്യങ്ങളെ വെല്ലുവിളിക്കുകയാണ്.

കാരുണ്യത്തിന്റെ സന്ദേശമായ ഇസ്‌ലാമിനെ ക്രൂരതയുടെയും ഭയത്തിന്റെയും പര്യായമാക്കി അവതരിപ്പിക്കാനുള്ള മതതീവ്രവാദികളുടെ ശ്രമം ശക്തമായി തടയേണ്ടതുണ്ട്.

ആഗോളതലത്തിൽ മുസ്ലിംങ്ങളുടെ  സ്വൈര്യജീവിതത്തിന് ഭീഷണിയായി മാറിയ തീവ്ര ചിന്തകളെ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരാനുള്ള  ഏത് ശ്രമവും പരാജയപ്പെടുത്തണമെന്നും അബ്ദുല്ലക്കോയ മദനി ആവശ്യപ്പെട്ടു. 

നാല് മാസം നീണ്ടുനിന്ന കാമ്പയിൻ വിവിധ പരിപാടികളോടെയാണ് അവസാനിച്ചത്. പി ഉബൈദുല്ല എം എൽ എ, കെ എൻ എം ജനറൽ സെക്രട്ടറി എം മുഹമ്മദ്‌ മദനി, ഡി സി സി പ്രസിഡന്റ്‌ വി എസ് ജോയ്, കെ എൻ എം ട്രഷറർ നൂർ മുഹമ്മദ്‌ നൂർഷ, ഷാഹിദ് മുസ്‌ലിം ഫാറൂഖി, ഐ എസ് എം ജനറൽ സെക്രട്ടറി പി കെ ജംഷീർ ഫാറൂഖി, ട്രഷറർ ഷബീർ കൊടിയത്തൂർ, ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ്‌ നിസാർ ഒളവണ്ണ, സെക്രട്ടറി കെ എം എ അസീസ്, റഹ്മത്തുള്ള സ്വലാഹി, ആദിൽ അത്വീഫ് പ്രസംഗിച്ചു.

തുടർന്ന് നടന്ന വൈജ്ഞാനിക സമ്മേളനത്തിൽ സ്വാഗതസംഘ ചെയർമാൻ അബ്ദുറസാഖ് കൊടുവള്ളി ആദ്യക്ഷത വഹിച്ചു. കെ എൻ എം വൈസ് പ്രസിഡന്റ്‌ ഡോ. ഹുസൈൻ മടവൂർ, സെക്രട്ടറി ഡോ. എ ഐ അബ്ദുൽ മജീദ് സ്വലാഹി, ഐ എസ് എം സംസ്ഥാന പ്രസിഡന്റ്‌ ശരീഫ് മേലേതിൽ, എം എം അക്ബർ, ഹനീഫ് കായക്കൊടി, അഹമ്മദ് അനസ് മൗലവി, ഉനൈസ് പാപ്പിനിശേരി, ഷുക്കൂർ സ്വലാഹി, നാസർ മുണ്ടക്കയം, ജലീൽ മാമങ്കര, നൗഷാദ് കരുവന്നൂർ പ്രസംഗിച്ചു.