“ഓരോ പൗരനും ജീവൻ രക്ഷകനാകുക”; ദേശീയ സിപിആർ വാരാചരണത്തിന് തുടക്കമായി

കണ്ണൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) എമർജൻസി ലൈഫ് സപ്പോർട്ട് വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ദേശീയ പുനരുജ്ജീവന വാരാചരണം (സിപിആർ) ത്തിന് കണ്ണൂരിൽ തുടക്കമായി. അന്തരിച്ച മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൽ കലാമിനെ ഓർമ്മക്കായി സംഘടിപ്പിക്കുന്ന ദേശീയ സിപിആർ വാരാചരണ ത്തിൽ ഐ എം എ യോടൊപ്പം ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, ഐ ഡി ആർ എൽ ഫൗണ്ടേഷൻ എന്നിവ സംയുക്തമായാണ് ആചരിക്കുന്നത്. 

“ഓരോ പൗരനും ജീവൻ രക്ഷകനാകുക” എന്ന മഹത്തായ ദൗത്യമാണ് ദേശീയ വാരാചരണത്തിന്റെ സന്ദേശം. കണ്ണൂരിൽ സംഘടിപ്പിച്ച ദേശീയ വാരാചരണം ക്യാമ്പയിൻ  ഐ എം എ  സംസ്ഥാന സമിതി അംഗം ഡോ സുൽഫിക്കർ അലി സി പി ആർ പരിശീലനം നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു. 

കുഴഞ്ഞുവീണ് ഹൃദയസ്തംഭനം സംഭവിച്ച വ്യക്തിയുടെ,  നെഞ്ചിൽ കൃത്യമായ ഇടവേളകളിൽ ശക്തിയായി കൈപ്പത്തി കൊണ്ട്  അമർത്തിയാണ് സിപിആർ നിർവഹിക്കുന്നത്. ഒരാൾ കുഴഞ്ഞു വീഴുന്ന സമയത്തു, ഉടൻ  തന്നെ ഇത്തരത്തിൽ നെഞ്ചിൽ ശക്തിയായി അമർത്തി കഴിഞ്ഞാൽ അയാളുടെ ഹൃദയതാളം തിരിച്ചുവരാനും ജീവിതം നിലനിർത്താനും സാധ്യമാകുന്ന ശാസ്ത്രീയമായ പരിശീലനമാണ് സിപിആർ ട്രെയിനിങ്. 

ഐഎംഎ, ട്രോമാ കെയർ സൊസൈറ്റി, ഐ ഡി ആർ എൽ ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകൾ ജില്ലയിൽ സിപിആർ പരിശീലനം സൗജന്യമായി നൽകുന്നുണ്ട്. ദേശീയ വാരാചരണ ത്തോടനുബന്ധിച്ച് കൊണ്ട് ഇത്തരത്തിലുള്ള പരിശീലനം ദേശ വ്യാപകമായി സംഘടിപ്പിക്കുന്നണ്ട്. ജൂലൈ 28ന് വാരാചരണം സമാപിക്കും.

ഐ എ പി ചെയർമാൻ ഡോ. പത്മനാഭ ഷേണായി അധ്യക്ഷനായിരുന്നു. ഡോ. ആശാ റാണി, ഡോ. റിയാ കുര്യൻ, ഡോ. നിത്യ നമ്പ്യാർ നേതൃത്വം നൽകി.

ഒരാഴ്ച നീളുന്ന ക്യാമ്പയിനിൽ, ആരോഗ്യപ്രവർത്തകർക്ക് പുറമേ പൊതുജനങ്ങൾക്കും സിപിആർ പരിശീലനം നൽകുന്നുണ്ട്.

ചിത്രം: ദേശീയ സിപിആർ വാരാചരണത്തിന് ഭാഗമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എമർജൻസി ലൈഫ് സപ്പോർട്ട് സംഘടിപ്പിക്കുന്ന കാമ്പയിൻ ഉദ്ഘാടനം ഐ.എം.എ സംസ്ഥാന പ്രവർത്തക സമിതി അംഗം ഡോ. സുൽഫിക്കർ അലി ഉദ്ഘാടനം ചെയ്യുന്നു. ഡോ. പത്മനാഭ ഷേണായ്, ഡോ. റിയ കുര്യൻ, ഡോ. നിത്യാ നമ്പ്യാർ സമീപം.