
കോഴിക്കോട്: നൂറ്റാണ്ടിലധികം പഴക്കമുള്ള ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്കം പരിഹരിക്കാൻ ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ കമ്മീഷൻ ശുപാർശ ചെയ്ത വ്യവസ്ഥകളോടെ നിയമനിർമാണം നടത്താൻ തീരുമാനിച്ച മുഖ്യമന്ത്രിയെയും മന്ത്രിസഭാംഗങ്ങളെയും സർക്കാരിനെയും ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ചെയർമാൻ ഷെവലിയാർ സി.ഇ. ചാക്കുണ്ണി, ജനറൽ കൺവീനർ എം.സി. ജോൺസൺ, ഖജാൻജി സി.സി. മനോജ് എന്നിവർ സ്വാഗതം ചെയ്തു. എൽഡിഎഫിലെ എല്ലാ കക്ഷികളും യോജിച്ച് നിയമസഭയിൽ ബില്ല് അവതരിപ്പിക്കാനുള്ള തീരുമാനം സ്വാഗതാർഹവും മാതൃകാപരവുമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
സഭാ തർക്കം ക്രമസമാധാന പാലനത്തെയും, കുടുംബ - വിവാഹ - ബന്ധങ്ങളെയും, ആചാര അനുഷ്ഠാനങ്ങളെയും, പങ്കാളിത്ത വ്യാപാര സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിച്ചു. ഈ സാഹചര്യത്തിലാണ് ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ഉൾപ്പെടെയുള്ള സമാധാനം കാംക്ഷിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങൾ കക്ഷി - രാഷ്ട്രീയ - ജാതി - മത - പ്രായഭേദമന്യേ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ഭൂരിപക്ഷം അനുസരിച്ച് ജനാധിപത്യ രീതിയിൽ തർക്കമുള്ള പള്ളികളുടെ ഭരണചുമതല ഏൽപ്പിക്കണമെന്ന് നിരന്തരം അഭ്യർത്ഥിച്ചത്.
ഇടവക അംഗങ്ങളുടെ ശവസംസ്കാരത്തിന് പോലും അക്രമങ്ങളും, തർക്കങ്ങളും, തടസ്സങ്ങളും ചില പള്ളികളിൽ രൂപപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആദ്യം ഓഡിനൻസും പിന്നീട് സെമിത്തേരിബില്ലും സർക്കാർ കൊണ്ടുവന്നെങ്കിലും ആരാധന സ്വാതന്ത്ര്യം നിലനിർത്താൻ സാധിക്കാത്തതിനാൽ പ്രശ്നം കൂടുതൽ സങ്കീർണ്ണം ആവുകയാണ് ഉണ്ടായത്. സഭാ തർക്കം മൂലം നിർബന്ധ സഭ പരിവർത്തനങ്ങൾക്കും, വിശ്വാസികൾ അവരുടെ കുടുംബ കല്ലറയിൽ വിശേഷ ദിവസങ്ങളിൽ പ്രാർത്ഥിക്കുന്നതിനും എതിരെ ചില പള്ളികളിൽ നടക്കുന്ന അനിഷ്ട സംഭവങ്ങൾ റവന്യൂ, പോലീസ്, മറ്റു ബന്ധപ്പെട്ട അധികാരികൾക്കും, സമീപവാസികൾക്കുംപ്രയാസം സൃഷ്ടിച്ചു.
തർക്കമുള്ള പള്ളികളിൽ മാസങ്ങളും ദിവസങ്ങളും പോലീസ് സേന കാവൽ നിൽക്കേണ്ട അവസ്ഥയുണ്ടായി.
ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ഉൾപ്പെടെ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയതിന്റെ അടിസ്ഥാനത്തിൽ നിയമനിർമാണം നടത്താനുള്ള തീരുമാനം വിശ്വാസികൾക്ക് ഏറെ ആശ്വാസവും, സന്തോഷവും, പ്രതീക്ഷയും നൽകുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.
0 Comments