ഡെങ്കിപ്പനി, എലിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത; പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കാന്‍ നടപടി സ്വീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കാന്‍ നടപടി സ്വീകരിക്കാന്‍ എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

കാലാവസ്ഥാ വ്യതിയാനവും മഴയും മൂലം പകര്‍ച്ചവ്യാധി കൂടാന്‍ സാധ്യതയുള്ള സാഹചര്യം മുന്നില്‍ കണ്ട് ജില്ലകള്‍ തോറും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. 

പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഹോട്ട് സ്‌പോട്ടുകള്‍ നിശ്ചയിച്ച് കൃത്യമായ ഇടപെടലുകള്‍ നടത്തണം. സംസ്ഥാനതല നിരീക്ഷണം ശക്തമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. 

എല്ലാ ജില്ലകളിലേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.