ഫാ. ഡേവിസ് ചിറമ്മലിന്റെ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി ആസ്റ്റര്‍ ഗ്രൂപ്പ് സഹകരിച്ച് പ്രവര്‍ത്തിക്കും- ഡോ. ഫര്‍ഹാന്‍ യാസിന്‍

തൃശൂർ: വൃക്കരോഗികള്‍ക്ക് ആശ്വാസമാകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന ഫാ. ഡേവിസ് ചിറമ്മലുമായും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായും ആസ്റ്റര്‍ ഗ്രൂപ്പ് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ ഒമാന്‍ ആൻഡ് കേരള റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. തൃശ്ശൂരില്‍ വെച്ച് ഫാ. ഡേവിസ് ചിറമ്മലുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം സഹകരണ വാഗ്ദാനം മുന്നോട്ട് വെച്ചത്.

സഹകരണത്തിന്റെ ഭാഗമായി കേരളത്തിലെ ആസ്റ്റര്‍ ഗ്രൂപ്പിന്റെ ഹോസ്പിറ്റലുകളായ ആസ്റ്റര്‍ മിംസ് കോഴിക്കോട്, കോട്ടക്കല്‍, കണ്ണൂര്‍, ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി എന്നിവിടങ്ങളിലാണ് കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ നിര്‍ദ്ദേശിക്കുന്ന രോഗികള്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കും.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ആസ്റ്റര്‍ ഡി എം ഫൗണ്ടേഷന്‍, മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സഹായത്തോടെയാണ് ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുക. ഇതിന് പുറമെ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ഫാ. ഡേവിസ് ചിറമ്മലും നടത്തുന്ന മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുമെന്നും ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.