ജില്ലാ കളക്ടർ പച്ചത്തുരുത്ത് സന്ദർശിച്ചു

മൂവാറ്റുപുഴ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വാളകം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് ജില്ലാ കളക്ടർ ജാഫർ മാലിക് സന്ദർശിച്ചു. കൂടാതെ വാർഡ് ഒന്നിൽ നടപ്പിലാക്കുന്ന നീർത്തട പരിപാലനവുമായി ബന്ധപ്പെട്ട മഴക്കുഴി കയ്യാല നിർമാണം, വാർഡ് 12 ലെ തൊഴുത്ത് നിർമ്മാണം, നീർത്തട പരിപാലനവുമായി ബന്ധപ്പെട്ട് വാർഡ് 13 ൽ നടത്തിവരുന്ന ഭൂവികസന പ്രവർത്തികൾ, വള്ളികാട് തോടിൽ ബണ്ട് നിർമ്മാണം എന്നീ പ്രദേശങ്ങളും കളക്ടർ സന്ദർശിച്ചു.

വാളകം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ 25 സെന്റ് പൊതുഭൂമിയാണ് പച്ചതുരുത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. കളക്ടർ ചന്ദന തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. 7.5 ലക്ഷം രൂപയാണ് പദ്ധതിയുടെ നിർമാണ ചിലവിനായി വകയിരുത്തിയിരിക്കുന്നത്. 2506 തൊഴിൽദിനങ്ങൾ കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

നീർത്തട പരിപാലനവുമായി ബന്ധപ്പെട്ട് മഴക്കുഴി കയ്യാല നിർമാണത്തിന് 2,81,836 ചിലവ് നിശ്ചയിച്ചിരിക്കുന്നത്. 875 തൊഴിൽദിനങ്ങൾ കൊണ്ട് പദ്ധതി പൂർത്തീകരിക്കും.

വാളകം പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ ഉൾപ്പെടുന്ന ബേബിക്ക് തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് തൊഴുത്ത് നിർമ്മിച്ച് നൽകിയത്. എൺപതിനായിരം രൂപ ചിലവിൽ 27 തൊഴിൽദിനങ്ങൾ കൊണ്ടാണ് പദ്ധതി പൂർത്തീകരിച്ചത്.

നീർത്തട പരിപാലനവുമായി ബന്ധപ്പെട്ട് വാർഡ് 13 ൽ നടത്തിവരുന്ന ഭൂവികസന പ്രവർത്തികൾ രണ്ട് ലക്ഷം രൂപ ചിലവിൽ 629 തൊഴിൽ ദിനങ്ങൾ കൊണ്ട് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. 

വള്ളികാട് തോടിന്റെ ആഴം കൂട്ടി ബണ്ട് പിടിപ്പിച്ചു സംരക്ഷണം നടത്തുന്നതിന് 1,83,028 രൂപയാണ് ചിലവ് കണക്കാക്കുന്നത്. 562 തൊഴിൽ ദിനങ്ങൾ കൊണ്ട് പദ്ധതി പൂർത്തീകരിക്കും. 1950 മീറ്റർ നീളത്തിൽ ആഴം കൂട്ടി ബുഫല്ലോ ഗ്രാസ് വച്ചു പിടിപ്പിച്ച് സംരക്ഷണം നടത്തും.

വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോളി മോൻ സി വൈ, പ്രോജക്ട് ഡയറക്ടർ ട്രീസ ജോസ്, ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫീസർ രധി എൻ ജി, ജോയിൻ്റ്ബിഡിഒ ഷാജി കെ എസ്, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻ്റ് എൻജിനീയർ ലീബ എൻ പി, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് എൻജിനീയർ സൗമ്യ മുരുകൻ, ബ്ലോക്ക് ഡിവിഷൻ മെമ്പർ സാറാമ്മ ജോൺ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിനോ കെ ചെറിയാൻ, മനോജ് എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.