കോവിഡ് പ്രതിസന്ധി; ബാങ്കുകൾ ജപ്തി നടപടികൾ ഒഴിവാക്കണം- പി.സി.തോമസ്

കൊച്ചി: കോവിഡ് പ്രതിസന്ധികൾ മൂലം നട്ടംതിരിയുന്ന കർഷകർക്ക് സാധരണക്കാർക്കും ആശ്വാസമേകി ബാങ്കുകൾ ജപ്തി നടപടികൾ നിർത്തി വെക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി.തോമസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കോവിഡ് മൂലം ഏറെ ബുദ്ധിമുട്ടിലായിരിക്കുന്ന കർഷകരെ സഹായിക്കുവാനും അവർക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായത് ഒഴിവാക്കി കൊടുക്കുവാനും അവർ എടുത്ത കാർഷിക കടങ്ങൾ ഈടാക്കുന്നത് സംബന്ധിച്ച് ജപ്തി ഒഴിവാക്കിക്കൊണ്ടും പലിശയും കൂട്ടുപലിശയും ന്യായമായ രീതിയിലുള്ള കുറവ് വരുത്തിക്കൊണ്ടും കടങ്ങൾ അടച്ചു തീർക്കുവാൻ സമയം അനുവദിച്ചുകൊണ്ടും സഹായിക്കുവാൻ കോ -ഓപ്പറേറ്റീവ് ബാങ്ക് ഉൾപ്പെടെ എല്ലാ ബാങ്കുകളും തയ്യാറാകണമെന്ന് പി.സി.തോമസ് ആവശ്യപ്പെട്ടു.

പല സ്ഥലങ്ങളിലും കാർഷിക കടങ്ങൾ സംബന്ധിച്ച് ജപ്തി നടക്കുന്നത് കർഷകരെ വലിയ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. കൊറോണ മൂലവും മറ്റും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ അവസരത്തിലെങ്കിലും അവ സംബന്ധിച്ച് ഇളവുകൾ കൊടുക്കുവാൻ ബാങ്കുകൾക്ക് കഴിയും. അതിന് കേന്ദ്ര-കേരള സർക്കാരുകൾ താല്പര്യമെടുത്ത് വേണ്ടത് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും തോമസ് ഇ-മെയിൽ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.