കൊറോണ വൈറസിന്റെ മൂന്നാം തരംഗം അടുത്ത വര്‍ഷം ഫെബ്രുവരിയോടെ- സൂപ്പര്‍മോഡല്‍ കമ്മിറ്റി

ന്യൂഡൽഹി: കൊറോണ വൈറസിന്റെ മൂന്നാം തരംഗം അടുത്ത വര്‍ഷം ഫെബ്രുവരിയോടെയെന്ന് ദേശീയ കൊവിഡ്-19 സൂപ്പര്‍മോഡല്‍ കമ്മിറ്റി.

ഡെല്‍റ്റയേക്കാള്‍ കൂടുതല്‍ ഒമിക്രോണ്‍ വകഭേദം പടര്‍ന്ന് പിടിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്രതിദിന കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുമെന്നും പാനല്‍ ഹെഡ് എം. വിദ്യാസാഗര്‍ അറിയിച്ചു.

രണ്ടാം തരംഗത്തിന്റെ തീക്ഷ്ണത ഒരു പക്ഷേ മൂന്നാം തരംഗത്തിന് ഉണ്ടായിരിക്കുകയില്ല. കാരണം രാജ്യത്തെ വലിയൊരു വിഭാഗം ആളുകളും പ്രതിരോധശക്തി വര്‍ദ്ധിപ്പിച്ച്‌ കഴിഞ്ഞു. എങ്കിലും രണ്ടാം തരംഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതിനേക്കാള്‍ കൂടുതല്‍ രോഗികള്‍ മൂന്നാം തരംഗത്തില്‍ ഉണ്ടായേക്കാം.

2022 തുടക്കത്തില്‍ തന്നെ മൂന്നാം തരംഗം സംഭവിക്കും. മൂന്നാം തരംഗമുണ്ടാകുമെന്ന കാര്യം സുനിശ്ചതമാണ്. ഇപ്പോള്‍ രാജ്യത്ത് പ്രതിദിനം ഏഴായിരത്തോളം രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റയെ അധികരിച്ചാല്‍ പ്രതിദിന രോഗികളുടെ സാഹചര്യം മാറുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം തരംഗം ആരംഭിച്ചതിന് ശേഷം രാജ്യത്ത് രണ്ട് ലക്ഷത്തേക്കാള്‍ കൂടുതല്‍ പ്രതിദിന രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഇന്ത്യയ്‌ക്ക് അത് താങ്ങാന്‍ കഴിയുകയില്ലെന്നും വിദ്യാസാഗര്‍ കൂട്ടിച്ചേര്‍ത്തു.

പുതുവത്സരദിനം അടുക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആഘോഷ പരിപാടികള്‍ ജാഗ്രതയോടെ നടത്തണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ഒമിക്രോണ്‍ ബാധിതര്‍ ദിനംപ്രതി വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്.