കോൺഗ്രസിൽ വിഭാഗീയയില്ല; തീരുമാനങ്ങൾ മുതിർന്ന നേതാക്കളോട് കൂടിയാലോചിച്ച് - താരീഖ് അൻവർ

എ വി ഫർദിസ്

കോഴിക്കോട്: കോൺഗ്രസ് പാർട്ടിയില്‍ വിഭാഗീയതയും പ്രശ്‌നങ്ങളൊന്നുമില്ലെന്നും മുതിര്‍ന്ന നേതാക്കളും നിലവിലുള്ള നേതൃത്വവും തമ്മില്‍ തര്‍ക്കമില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി താരീഖ് അന്‍വര്‍ വ്യക്തമാക്കി. 

ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് എന്താണെന്ന് അറിയില്ല. എല്ലാകാര്യങ്ങളും മുതിര്‍ന്ന നേതാക്കളോട് കൂടി കൂടിയാലോചിച്ചാണ് നടത്തുന്നത്. വിഷയത്തില്‍ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും താരീഖ് അന്‍വര്‍ പറഞ്ഞു.

നേതാക്കള്‍ ആരും പോയിട്ടില്ലെന്നും അധികാര മോഹികള്‍ മാത്രമാണ് പോയതെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

കോഴിക്കോട് ഡി സി സിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിലക്കയറ്റവും തൊഴിലില്ലായ്മയും സാധാരണക്കാരെ പ്രതിസന്ധിയിലാക്കുകയാണ്. വിലക്കയറ്റം രാജ്യത്തെ എല്ലാ മേഖലകളെയും സാരമായി ബാധിച്ചിട്ടും അവഗണിക്കുന്ന മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം ശക്തമാക്കും. സാധാരണക്കാരെ കൊള്ള ചെയ്യുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ജനജാഗരണിലൂടെ പ്രതിഷേധിക്കും. താഴെ തട്ടിലുള്ളവരുടെ ജീവിത പ്രശ്‌നങ്ങള്‍ വിലയിരുത്താനും പരിഹാരം കണ്ടെത്താനുമുള്ള ജനജാഗരണ്‍ പരിപാടിയുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകും. സി യു സി കമ്മിറ്റികള്‍ രൂപീകരിക്കുന്നതിലൂടെ കേരളത്തില്‍ പാര്‍ട്ടി ശക്തമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെയ്ക്കുന്നത്. സി.യു.സികള്‍ ദേശീയ തലത്തില്‍ വ്യാപിപ്പിക്കുമെന്നും താരിഖ് അന്‍വര്‍ അഭിപ്രായപ്പെട്ടു‍.

വാര്‍ത്താസമ്മേളനത്തില്‍ ഡിസി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി എം നിയാസ്, അഡ്വ. കെ ജയന്ത് എന്നിവരും പങ്കെടുത്തു.