കോൺഗ്രസ് തന്നെയാണ് ബദൽ- ഐ.എസ്.എം

കോഴിക്കോട്: കോൺഗ്രസ്- ബിജെപിക്ക് ബദലാകില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെ തിരിച്ചറിയാത്തതെന്ന് ഐഎസ്എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

രാജ്യത്ത് ഫാസിസം ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തിൽ ദേശീയ തലത്തിൽ അതിനെ പ്രതിരോധിക്കാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള മതേതര മുന്നണിക്കേ സാധിക്കുകയുള്ളൂ. ഇക്കാര്യത്തിൽ സി പി ഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പ്രസ്താവന സ്വാഗതാർഹമാണ്.

2024ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് മതേതര ചേരി ശക്തിപ്പെടുത്തേണ്ടത് മുഴുവൻ മതേതര-ജനാധിപത്യ കക്ഷികളുടെയും ബാധ്യതയാണ്. നാഴികക്ക് നാൽപത് വട്ടം ആർഎസ്എസ് മേൽനോട്ടത്തിലുള്ള ഫാസിസ്റ്റ് പ്രവർത്തനങ്ങളെ ചെറുക്കലാണ് ഇടതുപക്ഷ ധർമമെന്ന് പ്രഖ്യാപിക്കുന്ന സിപിഎം ഗുരുതരമായ രാഷ്ട്രീയ സാഹചര്യം തിരിച്ചറിഞ്ഞ് ഉണർന്ന് പ്രവർത്തിക്കണമെന്ന് ഐഎസ്എം ഓർമപ്പെടുത്തി. കോൺഗ്രസ് ദുർബലമായാൽ ആർഎസ്എസ് വളർച്ച നേടുമെന്ന സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ അഭിപ്രായം സാഹചര്യങ്ങളെ മനസ്സിലാക്കിയുള്ളതാണ്. 

ഫാസിസത്തെ പ്രതിരോധിക്കുകയെന്നത് അതിപ്രധാനമാണെന്നും അതിന് രാജ്യത്ത് ജനകീയ അടിത്തറയുള്ള കോൺഗ്രസ് നേതൃത്വത്തിൽ മുഴുവൻ കക്ഷികളും അണിനിരക്കണമെന്നും ഐഎസ്എം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് സഹ്ൽ മുട്ടിൽ അധ്യക്ഷത വഹിച്ചു. ഡോ. അൻവർ സാദത്ത്, ഷരീഫ് കോട്ടക്കൽ, ഡോ. സുഫ് യാൻ അബ്ദുസത്താർ, ഡോ. മുബഷിർ പാലത്ത്, റാഫി പേരാമ്പ്ര, റാഫി കുന്നുംപുറം, മുഹ്സിൻ തൃപ്പനച്ചി, റഫീഖ് നല്ലളം, ജിസാർ ഇട്ടോളി, ഷാനവാസ് വിപി, ആസിഫ് പുളിക്കൽ, അയ്യൂബ് എടവനക്കാട്, യൂനുസ് ചെങ്ങര, അഡ്വ. അബ്ദുല്ല നസീഹ് എന്നിവർ സംസാരിച്ചു.