കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം- ഡോ. സുൽഫിക്കർ അലി

തലശ്ശേരി: ദൃശ്യ-ശ്രാവ്യ/ പത്ര മാധ്യമങ്ങളിലൂടെയും സാധ്യമായ സാമൂഹ്യ മാധ്യമങ്ങളിലൂടെയും കാൻസർ പ്രതിരോധ ബോധവൽക്കരണ പരിപാടികൾ വ്യാപകമാക്കാനും ഏകീകരിക്കാനും സന്നദ്ധസംഘടനകൾ തയ്യാറാകണമെന്ന് ഐഡിആർഎൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. സുൽഫിക്കർ അലി അഭ്യർത്ഥിച്ചു. ലോക പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് തലശ്ശേരിയിൽ സംഘടിപ്പിച്ച ഏകദിന പാലിയേറ്റീവ് കെയർ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിവിധ ജീവിത ശൈലി രോഗങ്ങളും വ്യായാമരഹിതമായ ജീവിതവും സംഘർഷഭരിതമായ ചുറ്റുപാടുകളും മലീമസമാകുന്ന പരിസ്ഥിതിയും ഭക്ഷണക്രമവും മലയാളികളിൽ കാൻസർ സാധ്യതകൾ വർധിപ്പിച്ചിട്ടുണ്ട്. വ്യാപകമായ ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിവിധ സർക്കാർ സർക്കാരേതര സന്നദ്ധ സംഘടനകൾ തയ്യാറാകണം. 

കാൻസർ രോഗികൾക്കായുള്ള സാന്ത്വന ചികിത്സ വാർഡ് തലങ്ങളിൽ ലഭ്യമാകണം. അതോടൊപ്പം തന്നെ മറ്റുള്ളവർക്ക് കാൻസർ വരാനുള്ള സാധ്യതകളെക്കുറിച്ച് ബോധവൽക്കരിക്കുകയും ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങളിലൂടെ രോഗ മുക്തി നേടാൻ സാധിക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

ഡോ. അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.

പൂക്കോയതങ്ങൾ പാലിയേറ്റീവ് കെയർ ആണ് പരിപാടി സംഘടിപ്പിച്ചത്.