ചേളന്നൂർ പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിക്ക് തുടക്കം

ചേളന്നൂർ: ചേളന്നൂർ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള ജൽ ജീവൻ മിഷൻ പദ്ധതിയ്ക്ക് തുടക്കം. പദ്ധതിയുടെ നിർമാണോദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവ്വഹിച്ചു.

കേന്ദ്ര- സംസ്ഥാന സർക്കാരുകളും ചേളന്നൂർ പഞ്ചായത്തും സംയുക്തമായി പൊതു ജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി വഴി ചേളന്നൂർ പഞ്ചായത്തിലെ എല്ലാ വീടുകളിലും ടാപ്പ് വഴി ശുദ്ധീകരിച്ച കുടിവെള്ളം എത്തിക്കുകയാണ് ലക്ഷ്യം.

ചേളന്നൂർ ശ്രീ നാരായണ ഗുരു കോളേജിന് സമീപത്ത് സ്ഥാപിച്ചിരിക്കുന്ന 31 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഭൂതല ജലസംഭരണിയിലേക്കും തിരിച്ചുമുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനും മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനുമായി 38.4 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.  

ചടങ്ങിൽ ചേളന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.നൗഷീർ അധ്യക്ഷത വഹിച്ചു. എം.കെ.രാഘവൻ എം പി, സംസ്ഥാന ജല അതോറിറ്റി അംഗം ടി.വി.ബാലൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. സംസ്ഥാന ജല അതോറിറ്റി ടെക്നിക്കൽ മെമ്പർ ജി.ശ്രീകുമാർ പദ്ധതി വിശദീകരിച്ചു.

ചേളന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗൗരി പുതിയോത്ത്, വികസന സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ പി.സുരേഷ് കുമാർ, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ പി.കെ.കവിത, ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ സി.പി.നൗഷീർ, ജല അതോറിറ്റി ഉത്തരമേഖല ചീഫ് എഞ്ചിനീയർ എസ്.ലീനകുമാരി, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ജിതേഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.