കാനറ ബാങ്കിന് 2022 കോടി രൂപ അറ്റാദായം

കൊച്ചി: 2022-23 സാമ്പത്തിക വര്‍ഷം ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ കാനറ ബാങ്കിന് 2022 കോടി രൂപയുടെ അറ്റാദായം. 71.79 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് നേടിയത്. മുന്‍ വര്‍ഷം ഈ കാലയളവില്‍ 1177 കോടി രൂപയായിരുന്നു ത്രൈമാസ അറ്റാദായം. പ്രവര്‍ത്തന ലാഭം 20.53 ശതമാനം വര്‍ധിച്ച് 6606 കോടി രൂപയിലുമെത്തി.

നികുതി ഇതര വരുമാനം 24.55 ശതമാനവും ഫീ ഇനത്തിലുള്ള വരുമാനം 17.95 ശതമാനവും വര്‍ധിച്ചു. ബാങ്കിന്റെ ആഗോള ബിസിനസ് 11.45 ശതമാനം വര്‍ധിച്ച് 19 ലക്ഷം കോടി രൂപയും മറികടന്നു.

സ്വര്‍ണ വായ്പാ വിതരണം 26.20 ശതമാനം വര്‍ധിച്ച് ഒരു ലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു.

2021 ജൂണില്‍ 8.50 ശതമാനമായിരുന്ന മൊത്ത നിഷ്‌ക്രിയ ആസ്തി ഈ പാദത്തില്‍ 6.98 ശതമാനമായും 3.46 ശതമാനമായിരുന്ന അറ്റ നിഷ്‌ക്രിയ ആസ്തി 2.48 ശതമാനമായും കുറച്ച് ആസ്തി ഗുണമേന്മ വര്‍ധിപ്പിക്കാനും ബാങ്കിനു സാധിച്ചു.