ബഷീർ ഫെസ്റ്റ് ജൂലൈ രണ്ടു മുതൽ അഞ്ചു വരെ

എ.വി. ഫർദിസ്

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയെട്ടാം ചരമദിനത്തോടനുബന്ധിച്ച് നമ്മൾ ബേപ്പൂരിന്റെ ആഭിമുഖ്യത്തിൽ ജൂലൈ രണ്ടിന് ആരംഭിക്കുന്ന ബഷീർ ഫെസ്റ്റ് മുൻ കേരള സാംസ്കാരിക വകുപ്പു മന്ത്രി എം.എ ബേബി ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് - ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും.  

നാലു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിനോടനുബന്ധിച്ചു ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമായി വിപുലമായ പരിപാടികളാണ് ആവിഷ്കരിക്കുന്നത്. കുട്ടികളുടെ ക്വിസ് മത്സരം, ചിത്രരചനാമത്സരം, ഫുഡ് ഫെസ്റ്റിവൽ, ഗസൽ രാവ്, മ്യൂസിക്കൽ നെറ്റ്, മാജിക് ഷോ, നാടകം, സാഹിത്യ ക്യാമ്പ്, ഖവാലി, പൂതപ്പാട്ട്, സെമിനാറുകൾ, ചലച്ചിത്രോത്സവം തുടങ്ങി ഒട്ടേറെ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.  

വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടുമുറ്റത്ത് മാങ്കോസ്റ്റിൻ മരത്തിനു കീഴിൽ ഒത്തു ചേരലുകൾ സംഘടിപ്പിക്കും. സ്‌കൂൾ വിദ്യാർത്ഥികൾക്ക് ബഷീർ കഥാപാത്രങ്ങളായി ഇവിടം സന്ദർശിക്കാനും അവസരമൊരുക്കും.