ക്ലബ്ബ് റിവാര്‍ഡ്‌സുമായി ഓഡി ഇന്ത്യ

കൊച്ചി: ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി, ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി വിഭാഗത്തിലെ ആദ്യത്തെ റിവാര്‍ഡ്‌സ് പദ്ധതി 'ഓഡി ക്ലബ് റിവാര്‍ഡ്‌സ്' പ്രഖ്യാപിച്ചു. ഓഡിയുമായും പങ്കാളിത്വ ബ്രാന്‍ഡുകളുമായുള്ള ഓരോ ഇടപാടിനും ബ്രാന്‍ഡ് റിവാര്‍ഡ് ലഭിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. സങ്കീര്‍ണതകളില്ലാതെ ഒറ്റക്ലിക്കില്‍ ഭാവിയിലെ സേവനങ്ങള്‍ക്കായി പോയിന്റുകള്‍ റഡീം ചെയ്യാനുമാകാം.

പങ്കാളികളായി മോണ്ട് ബ്ലോന്‍ക്, ട്രൂഫിറ്റ് ആന്റ് ഹില്‍, ഒബ്‌റോയ് ഹോട്ടല്‍സ്, ഏവിയോണ്‍ പ്രൈവ് എന്നിങ്ങനെ മികച്ച ബ്രാന്‍ഡുകളാണ് അണിനിരക്കുന്നത്.

വാഹന വിപണിയില്‍, ആഡംബര വാഹനങ്ങള്‍ക്ക് പുതിയൊരു മാനം നല്കുകയാണ് റിവാര്‍ഡ്‌സ് പ്രോഗ്രാമിന്റെ ഉദ്ദേശ്യമെന്ന് ഓഡി ഇന്ത്യ മേധാവി ബല്‍ബീര്‍ സിങ് ധില്ലന്‍ അറിയിച്ചു.

നിലവിലെ വാഹന ഉടമകള്‍, പുതിയതായി വാഹനം വാങ്ങുന്നവര്‍, ഉപയോഗിച്ച വാഹനം വാങ്ങുന്നവര്‍ എന്നിവര്‍ക്ക് പ്രാരംഭ അവകാശം ലഭിക്കും. ഇവര്‍ക്ക് തുടക്കത്തില്‍ തന്നെ റിവാര്‍ഡ് പോയിന്റുകളും, പദ്ധതി പങ്കാളികളുടെ വൗച്ചറുകളും അംഗത്വത്തിന്റെ ആദ്യ ദിവസം മുതല്‍ ലഭ്യമാകും.

മൈ ഓഡി കണക്ട് ആപ്ലിക്കേഷന്‍ വഴി ഒരൊറ്റ വാങ്ങല്‍ നടത്തിയാല്‍ തന്നെ ഓഡി ക്ലബ് റിവാര്‍ഡ് ലഭിക്കും. പങ്കാളികളായ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി വാങ്ങുക വഴി 15 ശതമാനം വരെ റിവാര്‍ഡ് ലഭിക്കും.

മൈ ഓഡി കണക്ട് ആപ്ലിക്കേഷന്‍ വഴി സുഹൃത്തിനെ ക്ഷണിക്കുക വഴി ഉപഭോക്താക്കള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കുന്നതാണ്. ലളിതവും ഡിജിറ്റല്‍ സംവിധാനത്തിലൂടെയുമാണ് റഫറല്‍ സംവിധാനം. ഒരൊറ്റ ക്ലിക്കിലൂടെ റഫറല്‍ ലിങ്ക് വാട്‌സ് അപ്, ഇന്‍സ്റ്റഗ്രാം, ഈമെയില്‍, ടെക്സ്റ്റ് മെസേജ്, ഈമെയില്‍ വഴി സുഹൃത്തുമായി പങ്കു വയ്ക്കാം.