പ്രമേഹത്തിന്റെ പ്രതിരോധത്തിന് പുതിയ വഴി; ആസ്റ്റര്‍ ഈസികെയര്‍ ലോഞ്ച് ചെയ്തു

കോഴിക്കോട്: പ്രമേഹരോഗ പ്രതിരോധത്തിന് നൂതനമായ ശൈലി ആവിഷ്‌കരിച്ച ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ ഈസി കെയര്‍ പദ്ധതി ശ്രദ്ധനേടുന്നു. 2020 ലെ പ്രമേഹദിനത്തില്‍ പരീക്ഷണാത്തില്‍ ആരംഭിച്ച പദ്ധതി പൂര്‍ണ്ണമായി വിജയമായതിനെ തുടര്‍ന്ന് 2021 നവംബര്‍ 14 ലോക പ്രമേഹദിനത്തില്‍ ആസ്റ്റര്‍ മിംസിന്റെ അഭിമാന പദ്ധതിയായി പ്രഖ്യാപിച്ച് ഔപചാരികമായി പ്രവര്‍ത്തനം ആരംഭിച്ചു.

കൃത്യമായി പരിപാലിച്ചാല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാത്ത ഒരു സുഹൃത്തിനെ പോലെ കൈകാര്യം ചെയ്യാവുന്ന അസുഖമാണ് പ്രമേഹം. എന്നാല്‍ ചികിത്സ ആരംഭിക്കുന്ന മഹാഭൂരിപക്ഷം പേരും പലതരത്തിലുള്ള കാരണങ്ങളാല്‍ കൃത്യമായി ചികിത്സ മുന്‍പിലേക്ക് കൊണ്ടുപോകുവാന്‍ സാധിക്കാതെ വരികയും, ചികിത്സ മുടങ്ങുകയും തന്മൂലം അതീവ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യുന്നു. ഈ സാഹചര്യത്തിന് ഫലപ്രദമായ പ്രതിരോധം എങ്ങിനെ ആവിഷ്‌കരിക്കാമെന്ന ആശങ്കയ്ക്ക് പ്രതിവിധിയായാണ് ആസ്റ്റര്‍ മിംസിലെ എന്‍ഡോക്രൈനോളജി വിഭാഗം മേധാവി ഡോ. വിമല്‍, ഡോ. ജഷീറ ചേര്‍ന്നാണ് ഈസി കെയര്‍ പദ്ധതിക്ക് രൂപം നല്‍കിയത്.

ഇത് പ്രകാരം ഈസി കെയറില്‍ അംഗമാകുന്ന വ്യക്തിക്ക് തുടക്കത്തില്‍ സമ്പൂര്‍ണ്ണ പ്രമേഹ ചെക്കപ്പ് നടത്തുകയും രോഗത്തിനനുസരിച്ചുള്ള ചികിത്സ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. സാധാരണഗതിയില്‍ അടുത്ത തവണത്തെ ചെക്കപ്പിനുള്ള സമയം നിര്‍ദ്ദേശിച്ചാണ് ഇവരെ വീട്ടിലേക്ക് വിടുന്നത്. എന്നാല്‍ ഈസി കെയറിലെ അംഗത്തെ ഓരോ ദിവസവും ആസ്റ്റര്‍ മിംസിലെ വിദഗ്ദ്ധരായ പ്രൊഫഷണലുകള്‍ നേരിട്ട് ബന്ധപ്പെടുകയും അതത് ദിവസങ്ങളില്‍ നിര്‍വ്വഹിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഭക്ഷണ ക്രമീകരണം, വ്യായാമം, മരുന്നിന്റെ ഉപയോഗം എന്നിവയെല്ലാം ആശുപത്രിയില്‍ നിന്ന് നേരിട്ട് പിന്‍തുടരുന്നു. ഇത് മൂലം രോഗി ചികിത്സയില്‍ മുടക്കം വരാതെ ജീവിതം മുന്‍പിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ ആവശ്യമായ ചെക്കപ്പുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കും. ഇത് രോഗിയുടെ വീട്ടിനടുത്തുള്ള ഏതെങ്കിലും ലാബില്‍ നിന്ന് നിര്‍വ്വഹിക്കുകയും, റിപ്പോര്‍ട്ട് വാട്‌സ് ആപ്പ് വഴി ആസ്റ്റര്‍ മിംസിലേക്ക് അയക്കുകയും ചെയ്യാം. ഈ റിപ്പോര്‍ട്ട് വിലയിരുത്തി മരുന്നിന്റെ അളവിലും ജീവിതശൈലി മാറ്റത്തിലും ഒക്കെ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ സാധിക്കും. 

കഴിഞ്ഞ ഒരു വര്‍ഷമായി 100 ഓളം പേരാണ് ഈസി കെയറില്‍ അംഗങ്ങളായത്. ഇവര്‍ക്കെല്ലാവര്‍ക്കും തന്നെ പ്രമേഹത്തിന്റെ തീവ്രതയുടെ ശരാശരി മനസ്സിലാക്കാനുള്ള പരിശോധനയായ HBA1C യില്‍ 2%ത്തോളം കുറവ് രേഖപ്പെടുത്തപ്പെട്ടു എന്നതാണ് ഏറ്റവും ശ്രദ്ധേയം. മരുന്നിന്റെ അളവില്‍ മാറ്റം വരുത്താതെ ഇത്രയും ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ സാധിച്ചത് വലിയ നേട്ടമാണ്. പ്രമുഖ മെഡിക്കല്‍ ജേര്‍ണലുകളില്‍ ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കും. പ്രമേഹം നേത്രങ്ങളെ ബാധിക്കുന്നതാണ് ഈ മേഖലയിലെ മറ്റൊരു വലിയ വെല്ലുവിളി. ഇതിനായി ഈസി കെയറിനോടൊപ്പം തന്നെ ഡയബറ്റിക് റെറ്റിനോപ്പതിയില്‍ വൈദഗ്ദ്ധ്യം കരസ്ഥമാക്കിയവരുടെ സേവനം കൂടി സമന്വയിപ്പിക്കും. ഇതിന്റെ ഭാഗമായി 22-11-2021 മുതല്‍ 30-11-2021 വരെ ഡയബറ്റിക് ററ്റിനോപ്പതി ക്യാമ്പ് സംഘടിപ്പിക്കുമെന്നും ആസ്റ്റര്‍ മിംസ് മാനേജ്‌മെന്റ് അറിയിച്ചു.

ഫര്‍ഹാന്‍ യാസിന്‍ (ആസ്റ്റര്‍ മിംസ് കേരള ആൻഡ് ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍), എന്‍ഡോക്രൈനോളജി വിഭാഗം മേധാവി ഡോ. വിമല്‍ എം. വി, ഡോ. നൗഫല്‍ ബഷീര്‍, ഡോ. സുജിത് നായനാര്‍, ഡോ. വിനോദ്, ഡോ. ജഷീറ, ഡോ. ഷര്‍മിള എം. വി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.