സാക്ഷരതാ മിഷന്‍ എലിപ്പനി പ്രതിരോധ ബോധവത്കരണം നടത്തും

ആലപ്പുഴ: ജില്ലാ സാക്ഷരതാ മിഷന്‍ ആരോഗ്യ വകുപ്പിന്‍റെ സഹകരണത്തോടെ എലിപ്പനി പ്രതിരോധ ബോധവത്കരണ പരിപാടി നടത്തും. അലര്‍ട്ട് 2021 എന്ന പേരില്‍ നടത്തുന്ന പരിപാടിയില്‍ രോഗചികിത്സ, രോഗം ബാധിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ എന്നിവയെക്കുറിച്ച് വിശദമാക്കും.  

സാക്ഷരതാ മിഷൻ വിദ്യാ കേന്ദ്രങ്ങളാണ് ക്ലാസുകൾ ഏകോപിപ്പിക്കുന്നത്. ഇതിന് ആവശ്യമായ സഹകരണം ഉറപ്പാക്കണമെന്ന് ജില്ലാ സാക്ഷരതാ സമിതി അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി.രാജേശ്വരി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

നവംബർ 30ന് മുന്‍പ്‌ 100 ക്ലാസുകൾ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് സാക്ഷരതാ മിഷൻ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ.വി. രതീഷ് പറഞ്ഞു.

കോളേജുകൾ, സ്കൂളുകൾ, വായനശാലകൾ, ക്ലബുകൾ എന്നിവിടങ്ങളില്‍ ക്ലാസുകൾ സംഘടിപ്പിക്കാൻ താത്പര്യമുള്ളവർ 9947528616 എന്ന നമ്പരിൽ ബന്ധപ്പെടണം.