ലോക സാമൂഹിക മാധ്യമ ഭീമനായ ഫേസ്ബുക്ക് ഇനി മുതൽ മെറ്റ (META) എന്നറിയപ്പെടും

ലോക സാമൂഹിക മാധ്യമ ഭീമനായ ഫേസ്ബുക്ക് ഇനി മുതൽ മെറ്റ (META) എന്നറിയപ്പെടും. വ്യാഴാഴ്ച നടന്ന ഫേസ്ബുക്ക് കണക്ടിൽ ഫേസ്ബുക്ക് സി.ഇ.ഒ മാർക് സക്കർബർഗ് പേരുമാറ്റം പ്രഖ്യാപിക്കുകയായിരുന്നു.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നീ സാമൂഹിക മാധ്യമങ്ങളുടെയെല്ലാം പേരുകൾ അങ്ങനെ തന്നെ തുടരും. മാതൃ കമ്പനിയുടെ പേരാണ് മാറ്റിയിരിക്കുന്നത്.

ഫേസ്ബുക്ക് എന്ന പേര് നമ്മുടെ കമ്പനി ചെയ്യുന്നതെല്ലാത്തിനെയും പ്രതിനിധീകരിക്കുന്നില്ല. അതിനാലാണ് പേര്മാറ്റമെന്നും ഇപ്പോൾ നമ്മുടെ പേര് ഒരു ഉത്പന്നത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതാണെന്നും എന്നാൽ മെറ്റവേഴ്‌സ് കമ്പനിയാകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും സക്കർബർഗ് പറഞ്ഞു.

മെറ്റ എന്നാൽ ഒരു ഗ്രീക്ക് വാക്കാണ് ഇംഗ്ലീഷിൽ ബിയോണ്ട് അഥവാ അതിരുകൾക്കും പരിമിതികൾക്കും അപ്പുറം എന്നർഥം. ഈ വാക്ക് ഉപയോഗിച്ചത് വഴി നമ്മുടെ കമ്പനി ചെയ്യുന്നതും ചെയ്യാനാഗ്രഹിക്കുന്നതുമായ കാര്യം വ്യക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികത വഴി ബന്ധിപ്പിക്കുന്ന കമ്പനിയാണ് തങ്ങളുടേത്. ഒത്തൊരുമിച്ച് ജനങ്ങളെ നമുക്ക് സാങ്കേതികതയുടെ മധ്യേ നിർത്താം. അതുവഴി വലിയ സാമ്പത്തിക രംഗം സൃഷ്ടിക്കാം – സക്കർബർഗ് പറഞ്ഞു.