കോവിഡ്, ഒമിക്രോൺ വ്യാപനം: തീവണ്ടികളിലും റെയിൽവേ സ്റ്റേഷനിലും പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തണം

കോഴിക്കോട്: കോവിഡ്, ഒമിക്രോൺ വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ തീവണ്ടികളിലും റെയിൽവേ സ്റ്റേഷനുകളിലും പ്രോട്ടോക്കോൾ പാലിച്ചുള്ള പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ  ദേശീയ-സംസ്ഥാന ഭാരവാഹികളുടെ അടിയന്തരയോഗം റെയിൽവേ അധികാരികളോട് ആവശ്യപ്പെട്ടു.    

കോഴിക്കോട് മഹാറാണി ഹോട്ടലിൽ ചേർന്ന യോഗത്തിൽ ദേശീയ വർക്കിങ് ചെയർമാനും സംസ്ഥാന പ്രസിഡണ്ടുമായ ഷെവ. സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. ദേശീയ ചെയർമാൻ ഡോ. എ.വി. അനൂപ് ഉദ്ഘാടനം ചെയ്തു.

കോവിഡിന്റെ പേരിൽ നിർത്തലാക്കിയ തീവണ്ടികൾ ഒന്നൊന്നായി പുന:സ്ഥാപിച്ചുവെങ്കിലും സ്പെഷ്യൽ ട്രെയിൻ എന്ന പേരിൽ വർദ്ധിപ്പിച്ച നിരക്കുകൾ കുറച്ചിട്ടില്ല. യശ്വന്ത്പൂർ - കണ്ണൂർ ഉൾപ്പെടെയുള്ള പല തീവണ്ടികളിലും ജനറൽ കോച്ചുകൾ ആരംഭിച്ചിട്ടില്ല. പല സ്റ്റോപ്പുകളും വെട്ടിക്കുറച്ചത് ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ അവശേഷിക്കുന്നു. ഈ സാഹചര്യത്തിൽ യാത്രക്കാരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും സുരക്ഷയും ശുചിത്വമുള്ള ശുഭയാത്ര ഉറപ്പുവരുത്തുന്നതിനും സമ്പൂർണ്ണ ഓഡിറ്റിംഗ് നടത്തി പോരായ്മകൾ പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മുതിർന്ന പൗരന്മാർക്ക് യാത്രാനിരക്കിലെ ഇളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിർത്തലാക്കിയ സാഹചര്യത്തിൽ കോവിഡിനു മുമ്പ് യാത്രക്കാർക്കുള്ള എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിന് എല്ലാ സംസ്ഥാന ഭാരവാഹികളേയും പങ്കെടുപ്പിച്ച് വിപുലമായ യോഗം ചെന്നൈയിലെ കേന്ദ്ര കമ്മിറ്റി ഓഫീസിൽ വിളിച്ചുചേർക്കാൻ ഉദ്ദേശിക്കുന്നതായി ദേശീയ ചെയർമാൻ ഉദ്ഘാടനപ്രസംഗത്തിൽ വ്യക്തമാക്കി.

തീവണ്ടി യാത്രയിൽ മുതിർന്ന പൗരന്മാരെ സഹായിക്കാൻ ശ്രാവൺ സേവാ മാതൃകയിൽ പദ്ധതി നടപ്പാക്കണം, തീവണ്ടി യാത്രക്കാരുടെ പ്രശ്നങ്ങൾ പഠിച്ചു പരിഹരിക്കാൻ റെയിൽവേ കമ്മീഷനെ നിയമിക്കണം, റെയിൽവേ സ്റ്റേഷൻ വികസനത്തിന് ടിക്കറ്റിനു മേൽ പത്തു രൂപ മുതൽ 50 രൂപ ലവി ചുമത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ആസന്നമായ ബഡ്ജറ്റിലേക്ക് മുൻഗണനാക്രമത്തിൽ ഏകോപിച്ച തയ്യാറാക്കിയ നിവേദനം റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ചതായി വർക്കിങ് ചെയർമാൻ ഷെവലിയാർ സി.ഇ. ചാക്കുണ്ണി യോഗത്തിൽ അറിയിച്ചു.

കോൺഫെഡറേഷൻ ദേശീയ ജനറൽ കൺവീനർ എം.പി. അൻവർ (ചെന്നൈ) കൺവീനർമാരായ സൺഷൈൻ ഷൊർണൂർ, ആന്ധ്ര - തെലുങ്കാന സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് കെ.എസ് ജോൺസൺ, ആസ്സാമിനെ പ്രതിനിധീകരിച്ച് എം.എം. ബഷീർ, കേരള ഘടകത്തെ പ്രതികരിച്ച് വൈസ് പ്രസിഡണ്ട് അഡ്വ. എം.കെ. അയ്യപ്പൻ, സെക്രട്ടറി പി.ഐ. അജയൻ, കുന്നോത്ത് അബൂബക്കർ, സി.സി. മനോജ്‌ എന്നിവർ പങ്കെടുത്തു.

സെക്രട്ടറി പി.ഐ. അജയൻ സ്വാഗതവും, അഡ്വ. കെ.എ അസീസ് നന്ദിയും രേഖപ്പെടുത്തി.  

ചിത്രം: ഹോട്ടൽ മഹാറാണിയിൽ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം ദേശീയ ചെയർമാൻ ഡോക്ടർ. എ.വി. അനൂപ് ഉദ്ഘാടനം ചെയ്യുന്നു. സെക്രട്ടറി. പി.ഐ. അജയൻ, അഡ്വ. കെ.എ. അസിസ്, വർക്കിങ് ചെയർമാൻ ഷെവ. സി.ഇ. ചാക്കുണ്ണി, സി.സി. മനോജ്‌ എന്നിവർ സമീപം.