കാലിഫോർണിയൻ കമ്പനിക്ക് യുഎൽ സൈബർപാർക്കിൽ ഇരട്ടി വളർച്ച

കോഴിക്കോട്: ‘റീറ്റെയ്ൽക്ലൗഡ്‌’ എന്ന കാലിഫോർണിയൻ ഐറ്റി കമ്പനിയുടെ ഇൻഡ്യൻ ഡെവലപ്‌മെന്റ് സെന്റർ കോവിഡിനെ അവസരമാക്കി നേടിയത് മികച്ച മുന്നേറ്റം. മൂന്നു വർഷം മുൻപ് അഞ്ചു പേരുമായി കോഴിക്കോട് യു.എൽ. സൈബർപാർക്കിൽ പ്രവർത്തനം ആരംഭിച്ച ഈ കേന്ദ്രത്തിൽ ഇന്നു പ്രവർത്തിക്കുന്നത് 25 വിദഗ്ദ്ധ ഐറ്റി പ്രൊഫെഷനലുകൾ.

തങ്ങളുടെ യു.എൽ. സൈബർപാർക്ക് ടീമിൽ 20 പേർകൂടി ഉടൻ ചേരുമെന്ന് കമ്പനിയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെവിൻ കൊളാസോ അറിയിച്ചു.

പ്രവർത്തനം ആരംഭിച്ചശേഷം മൂന്നാംഘട്ട വളർച്ചയ്ക്കു തയാറെടുക്കുകയാണ് റീറ്റെയ്ൽക്ലൗഡ്‌. യു.എൽ. സൈബർപാർക്കിലെതന്നെ കൂടുതൽ വലിയ ഓഫീസിലേക്കു മാറിക്കഴിഞ്ഞു. യു.എൽ. സൈബർപാർക്കിൽനിന്നു ലഭിക്കുന്ന മികച്ച പിന്തുണയും സേവനങ്ങളും കമ്പനിയുടെ വളർച്ചയ്ക്ക് ഏറെ സഹായകരമായെന്നു പറഞ്ഞ കൊളാസോ ഇൻഡ്യൻ ഡെവലപ്‌മെന്റ് സെന്ററിന് ഇവിടം തെരഞ്ഞെടുത്തത് ഉചിതമായെന്നും കൂട്ടിച്ചേർത്തു. കോവിഡ് പ്രതിസന്ധി കാലത്തുപോലും വർക്ക് ഫ്രം ഹോം സൗകര്യം ഉപയോഗപ്പെടുത്തി ആരെയും ഒഴിവാക്കാതെ ടീം കൂടുതൽ വിപുലപ്പെടുത്താനാണ് ശ്രമിച്ചതെന്നും കൊളാസോ വ്യക്തമാക്കി.

ബിസിനസുകളുടെ കച്ചവടം കൂട്ടാനും എളുപ്പമാക്കാനുമുള്ള ഐറ്റി സൊല്യൂഷനുകളിലൂടെ ചില്ലറവ്യാപാരരംഗത്തിനു പുതുപ്രതീക്ഷ പകർന്നുകൊണ്ടുകൂടിയാണ് പുതുതലമുറ ഐറ്റി കമ്പനിയായ റീറ്റെയ്ൽ ക്ലൗഡിന്റെ വളർച്ച. റീറ്റെയ്ൽ, റെസ്റ്റോറന്റ് ബിസിനസുകൾക്ക് ക്ലൗഡ് അധിഷ്ഠിത ബിസിനസ് സൊല്യൂഷനുകൾ നൽകുന്ന ഐറ്റി കമ്പനിയാണ് റീറ്റെയ്ൽക്ലൗഡ്‌. കോവിഡ്‌ക്കാലത്ത് ഓൺലൈൻ വ്യാപാരം ഗണ്യമായി ഉയർന്നപ്പോൾ റീറ്റെയ്‌ൽക്ലൗഡിന്റെ സേവനമാണ് പല സ്ഥാപനങ്ങൾക്കും വളർച്ചയ്ക്കു തുണയായത്.

ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് അവരുടെ കച്ചവടം നടത്താനുള്ള പോയിന്റ് ഓഫ് സെയിൽ സൊല്യൂഷനുകൾ ക്ലൗഡിലൂടെ നൽകുന്നതാണ് പ്രധാന സേവനം. ഗ്രാമ്മി പോലെയുള്ള ഹൈപ്രൊഫൈൽ ഈവന്റുകളും 25-ലധികം പ്രൊഫഷണൽ സ്പോട്സ് ടീമുകളും ശ്രദ്ധേയമായ ഫാഷൻ ബ്രാൻഡുകളും അടങ്ങുന്നതാണ് ഇവരുടെ ഇടപാടുകാരുടെ വിപുലമായ ശൃംഖല.

ഇന്റഗ്രേറ്റഡ് എപിഐ മുതൽ ഇആർപിയും ഇ-കൊമേഴ്സ് സമ്പ്രദായങ്ങളും വരെ ഉപയോഗപ്പെടുത്തി ആൻഡ്രോയിഡിനും വിൻഡോസിനുമുള്ള സേവനങ്ങൾ ഇവർ നല്കുന്നു. ചില്ലറ വ്യാപാരികൾക്കു വില്പന വർദ്ധിപ്പിക്കാനും ഇൻവെന്ററി മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും ഉപഭോക്താക്കളുടെ ഷോപ്പിങ് ശീലങ്ങളെക്കുറിച്ചുള്ള മൂല്യവത്തായ വിവരങ്ങൾ ശേഖരിക്കാനും ആവശ്യമായ സേവനങ്ങളും റീറ്റെയ്ൽ ക്ലൗഡ്‌ നൽകുന്നുണ്ട്. ബിസിനസ് വളർച്ചയ്ക്ക് അനുസരിച്ചു സേവനങ്ങളും വികസിപ്പിക്കാൻ സഹായിക്കുന്നതാണ് റീറ്റെയ്‌ൽക്ലൗഡിന്റെ സേവനങ്ങൾ.