പ്രഭാസിന്റെ സലാർ വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: സൂപ്പർ സ്റ്റാർ പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോകം എമ്പാടുമുള്ള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2023 സെപ്റ്റംബർ 28 ന് തിയേറ്ററുകളിൽ എത്തും.

ഹോംമ്പലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടുർ ആണ് സലാർ നിർമ്മിക്കുന്നത്. ഒരു ആക്ഷൻ ത്രില്ലെർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ പ്രഭാസിനെ കൂടാതെ ശ്രുതി ഹാസൻ, പ്രിത്വിരാജ് സുകുമാരൻ, ജഗപതി ബാബു തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നുണ്ട്.

2020 ഡിസംബറിൽ അനൗൺസ് ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് ജനുവരി 2021 ൽ ആണ്. രവി ബസ്റൂർ ആണ് മ്യൂസിക് ഡിപ്പാർട്മെന്റ് കൈകാര്യം ചെയ്യുന്നത്. ഭുവൻ ഗൗഡ സിനിമട്ടോഗ്രാഫി നിർവഹിക്കുന്നു. 2022 ഏപ്രിൽ 14 ന് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധികൾ മൂലം ഷൂട്ടിംഗ് പൂർത്തിയാക്കാൻ കഴിയാതെ വന്നതിനാൽ റിലീസ് മാറ്റി വെക്കുകയായിരുന്നു. പ്രഭാസും പ്രശാന്ത് നീലും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആണ് സലാർ.

ഉഗ്രം, കെ ജി എഫ് ചാപ്റ്റർ വൺ, കെ ജി എഫ് ചാപ്റ്റർ ടു എന്നീ മൂന്ന് ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ്.