ലോക സമാധാനത്തിന് മാനവിക മൂല്യങ്ങളെ സംരക്ഷിക്കുകയും മതസ്വാതന്ത്ര്യം ഉറപ്പാക്കുകയും വേണം- കാന്തപുരം

അബുദാബി: മാനവിക മൂല്യങ്ങളെ സംരക്ഷിക്കുകയും മതസ്വാതന്ത്ര്യം ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെയാണ് ലോകത്ത് സമാധാനം സൃഷ്ടിക്കാനാകുന്നതെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.

വിഭിന്നമായ ആശയങ്ങളെയും സംസ്കാരങ്ങളെയും ഉൾക്കൊള്ളുകയും വ്യത്യസ്തത മത വിഭാഗങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പു വരുത്തുകയും ചെയ്യുന്നത് സമകാലിക സാഹചര്യത്തിൽ സമൂഹങ്ങൾക്കിടയിൽ സമാധാനം ഉണ്ടാകാൻ അനിവാര്യമാണ് . അബുദാബിയിൽ നടന്ന ഫോറം ഫോർ പ്രമോട്ടിങ് പീസ് ഇൻ മുസ്‍ലിം സൊസൈറ്റിയുടെ എട്ടാമത് രാജ്യാന്തര സമ്മേളനത്തിൽ 'പരസ്പര സഹവർത്തിത്വത്തിലൂടെ ഒരുമയിലേക്ക്' എന്ന പ്രമേയത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.  

ഓരോ രാജ്യങ്ങളും തങ്ങളുടെ ജനതക്ക് അവകാശപ്പെട്ട സ്വാതന്ദ്ര്യം വക വെച്ച് കൊടുക്കാൻ തയ്യാറാകണം. ന്യൂനപക്ഷ സമൂഹങ്ങളെ ഭൂരിപക്ഷം ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന രീതി രാജ്യത്തിന്റെ കെട്ടുറപ്പിനും മാനവികത മൂല്യങ്ങൾക്കും ചേർന്നതല്ല. ഇസ്‌ലാം സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് ലോകത്തിന് കൈമാറിയിട്ടുള്ളത്. മറ്റുള്ള സംസ്കാരങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും ബഹുമാനിക്കാനും സഹവർത്തിക്കാനുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.വിഭിന്നമായ ആശയങ്ങളെ ഉൾക്കൊള്ളാനും പരിഗണിക്കാനും കഴിയുന്നതിലാണ് മാനവികത പുലരുന്നത്. ഈ ആശയം മുഹമ്മദ് നബി (സ) യുടെ മദീനയിൽ നടപ്പിലാക്കിയ നാഗരികതയിൽ നിന്ന് മനസ്സിലാക്കാനാകും. അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന്റെ സമാപന ദിവസം രാവിലെ ആദ്യ സെഷനിലായിയിരുന്നു കാന്തപുരം പ്രബന്ധം അവതരിപ്പിച്ചത്.

ഇന്നലെ ഫോറം ചെയര്‍മാനും സമ്മേളനത്തിന്റെ മുഖ്യ കാര്യദര്‍ശിയുമായ ശൈഖ് അബ്ദുള്ള ബിന്‍ ബയ്യ സൊസൈറ്റിയുടെ സമാധാന പുരസ്‌കാരം കാന്തപുരത്തിന് സമ്മാനിച്ചിരുന്നു. ആഗോള തലത്തില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ വഹിക്കുന്ന സംഭാവനകള്‍ പരിഗണിച്ചാണ് സമാധാന പുരസ്‌ക്കാരം നല്‍കി ആദരിച്ചത്.

ഡിസംബർ 5, 6, 7 തിയ്യതികളിൽ നടന്ന സമ്മേളനത്തിൽ 50 ഓളം രാജ്യങ്ങളിൽ നിന്നുള്ള ഇരുന്നൂറ് പ്രതിനിധികൾ പങ്കെടുത്തു. യുഎഇ വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് ആൽ നഹ്യാൻ, യുഎഇ ഫത്‌വാ കൗൺസിൽ മേധാവിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ ബയ്യ എന്നിവരാണ് കോൺഫറൻസിന് നേതൃത്വം നൽകിയത്.