x
NE WS KE RA LA
Kerala Politics

കോൺഗ്രസിന് പുതിയ മുഖം : കെ പി സി സി യിൽ പുതിയ നേതൃത്വം

കോൺഗ്രസിന് പുതിയ മുഖം : കെ പി സി സി യിൽ പുതിയ നേതൃത്വം
  • PublishedMay 12, 2025

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിന് ഇന്ന് മുതൽ പുതിയ മുഖം. കെ പി സി സി പ്രസിഡന്‍റായി സണ്ണി ജോസഫ് എം എൽ എ ഇന്ന് ചുമതലയേടറ്റു. കൂടാതെ വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ പി സിവിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി എന്നിവരും ഇന്ന് ചുമതലയേറ്റെടുത്തു. കെ പി സി സി ആസ്ഥാനത്ത് 9.30 നാണ് ചടങ്ങ് നടന്നത് . എ ഐ സി സി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ്‌ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത് . കെ പി സി സി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ കെ സുധാകരന്‍ എം പി അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുന്‍ കെ പി സി സി പ്രസിഡന്‍റുമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ തുടങ്ങിയവർ പങ്കെടുത്തു. സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് മുമ്പായി മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ കെ ആന്‍റണിയെ നിയുക്ത ഭാരവാഹികൾ സന്ദര്‍ശിക്കുകയും ചെയ്തു.

പദവി ഏറ്റെടുക്കുന്നതിന് മുന്നോടിയായി മുൻ മുഖ്യമന്ത്രിമാരായ കെ കരുണാകരന്‍റെ സ്മൃതി മണ്ഡപത്തിലും ഉമ്മൻചാണ്ടിയുടെ കല്ലറയിലും നേതാക്കൾ ഞായറാഴ്ച എത്തിയിരുന്നു. അധ്യക്ഷ പദവിയിലെത്തുന്ന സണ്ണി ജോസഫും വര്‍ക്കിങ് പ്രസിഡന്‍റുമാരുമായ പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ പി അനിൽകുമാര്‍ എന്നിവരാണ് കെ കരുണാകരന്‍റെ സ്മൃതി മണ്ഡപവും ഉമ്മൻ ചാണ്ടിയുടെ കല്ലറയും സന്ദര്‍ശിച്ചത്. പുതിയ നേതൃ നിര പാര്‍ട്ടിയെ വീണ്ടും കേരളത്തിൽ അധികാരത്തിലെത്തിക്കുമെന്നാണ് എ ഐ സി സിയുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *