പുതിയ നിയോഗം, പുതിയ ഉത്തരവാദിത്വം; സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബ്

കോഴിക്കോട്: സിപിഐഎമ്മിൻ്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബ്. പി മോഹനൻ സെക്രട്ടറി സ്ഥാനത്ത് മൂന്ന് ടേം കാലാവധി പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന എം മെഹബൂബിനെ സെക്രട്ടറിയായി തിരഞ്ഞെടുതിരിക്കുന്നത്. നിലവിൽ കൺസ്യൂമർ ഫെഡ് ചെയർമാനാണ് എം മെഹബൂബ്.
ജില്ലാ സെക്രട്ടേറിയറ്റ് മുന്നോട്ട് വച്ച പേര് ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ജില്ലയിലെ സിപിഐഎമ്മിന്റെ ന്യൂനപക്ഷ മുഖങ്ങളിൽ പ്രധാനിയാണ് എം മെഹബൂബ്. യുവജന സംഘടനയിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച മെഹബൂബ് പിന്നീട് കോഴിക്കോട് സിപിഐഎമ്മിലെ പ്രധാനനേതാവായി മാറുകയായിരുന്നു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സിപിഐഎം ബാലുശ്ശേരി ഏരിയാ സെക്രട്ടറി എന്ന ചുമതലകൾ വഹിച്ചു. സഹകരണ മേഖലയിൽ വലിയ അനുഭവ സമ്പത്തുള്ള നേതാവ് കൂടിയാണ് എം മെഹബൂബ്. അത്തോളി പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിക്കുകയും ചെയ്തു

439 പ്രതിനിധികളും ജില്ലാ, സംസ്ഥാന, കേന്ദ്ര കമ്മിറ്റി അംഗങ്ങളും, മുഖ്യമന്ത്രി പിണറായി വിജയൻ എ വിജയരാഘവൻ എന്നീ പി ബി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുത്തു. ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വടകരയിൽ നടക്കുന്ന സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ 5,0000 ആളുകൾ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.