നെന്മാറ ഇരട്ടക്കൊല: പോലീസിന്റെ വീഴ്ചയെന്ന് നിഗമനം ; എ ഡി ജി പി റിപ്പോർട്ട് തേടി

പാലക്കാട്: പോത്തുണ്ടി ഇരട്ടകൊലപാതകത്തിലെ പ്രതി ചെന്താമരയെ പിടികൂടാൻ ആന്റി നക്സൽ ഫോഴ്സും രംഗത്ത്. സംഘം ഉടൻ പ്രതി ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന അരക്കമലയിൽ തിരച്ചിൽ നടത്തും. പാലക്കാട് എസ്പിയുടെ പ്രത്യേക സ്ക്വാഡും തിരച്ചിലിനായി രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ പ്രതിക്കായി വനത്തിന് പുറമെ പാലക്കാട് നഗരത്തിലും വ്യാപക പരിശോധന നടത്തിവരികയാണ്.
സംഭവത്തിൽ പൊലീസിനുണ്ടായ വീഴ്ചയിൽ എഡിജിപി മനോജ് എബ്രഹാം പാലക്കാട് എസ്പിയോട് റിപ്പോർട്ട് തേടി. ജാമ്യ വ്യവസ്ഥ ലംഘിച്ചതിൽ നടപടി എടുക്കാത്തതിലാണ് അന്വേഷണം നടത്തുന്നത്. ഇരട്ടക്കൊലപാതകത്തിൽ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട സുധാകരന്റെ മക്കളും രംഗത്തു വന്നു. കുടുംബത്തിന് നേരെ ഭീഷണിയുണ്ടെന്ന് പൊലീസിനെ നേരത്തെ അറിയിച്ചിരുന്നതായും എന്നാൽ ഒരു വിലയും നൽകിയില്ലെന്നും മക്കൾ പറഞ്ഞു.
പൊലീസ് തങ്ങളുടെ വാക്കുകൾക്ക് വില കല്പിച്ചിരുന്നെങ്കിൽ അച്ഛൻ ഇന്ന് ജീവിച്ചിരുന്നേനെ എന്നും മക്കളായ അഖിലയും അതുല്യയും പറഞ്ഞു. അന്ധവിശ്വാസത്തിൻ്റെയും സംശയത്തിൻ്റെയും പുറത്താണ് തന്റെ അമ്മയെ കൊന്നത്. അച്ഛനോട് പക എന്തിനായിരുന്നുവെന്ന് തങ്ങൾക്ക് അറിയില്ല.പ്രതിയെ ഇനിയും പിടികൂടിയില്ലെങ്കിൽ തങ്ങളെയും കൊലപ്പെടുത്തുമെന്നും ചെന്താമരയെ പിടികൂടി വധശിക്ഷയ്ക്ക് വിധിക്കണമെന്നും സുധാകരൻ്റെ മകൾ അഖില പറഞ്ഞു.
ചെന്താമരയിൽ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് കഴിഞ്ഞ മാസം 29-ാം തീയതി സുധാകരനും കുടുംബവും നെന്മാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് ചെന്താമരയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് ചെയ്യുകയും . ഇനി പ്രശ്‌നമൊന്നും ഉണ്ടാക്കില്ലെന്നും തമിഴ്‌നാട് തിരുപ്പൂരില്‍ പോവുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇന്നലെ ചെന്താമര സുധാരനെയും മീനാക്ഷിയെയും ചെന്താമര കൊലപ്പെടുത്തുകയായിരുന്നു.