നെന്മാറ ഇരട്ടക്കൊലപാതകം ; പ്രതി ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

പാലക്കാട്: നെന്മാറയിൽ ഇരട്ടക്കൊലപാതകം. നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരൻ (58), മാതാവ് മീനാക്ഷി എന്ന ലക്ഷ്മി (76) എന്നിവരെ അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തി. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരങ്ങൾ പറയുന്നത്.
ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം ഉണ്ടായിരിക്കുന്നത്. കൊല്ലപ്പെട്ട സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയവെ ജാമ്യത്തിലിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരൻറെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. ചെന്താമരയെ (58) പിടികൂടാൻ നെന്മാറ പൊലീസ് അന്വേഷണം വിപുലമാക്കി.
വീട്ടുകാർ തമ്മിലുള്ള തർക്കത്തെത്തുടർന്ന് 2019 ൽ സുധാകരൻ്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയിരുന്നു. ഈ കേസിൻ്റെ വിചാരണ അടുത്തമാസം തുടങ്ങാനിരിക്കെയാണ് ചെന്താമര കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയത്. അതേ സമയം, പ്രതി ഇന്നും മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതി അരക്കമലയില്‍ ഉണ്ടെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.
ചെന്താമര സൈക്കോയാണെന്നാണ് നാട്ടുകാരുടെ പ്രതികരണം. ഇത്തരത്തിലൊരു ദുരന്തം പ്രതീക്ഷിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. കൊല്ലപ്പെട്ട സുധാകരന്റെ മൃതദേഹം സംഭവ സ്ഥലത്ത് എടുക്കാൻ സമ്മതിക്കാതെ നാട്ടുകാർ പ്രതിഷേധിച്ചു. പ്രതിയെ പിടികൂടാതെ ബോഡി എടുക്കേണ്ടെന്ന നിലപാടിലായിലാണ് നാട്ടുകാർ. ചെന്താമര ജാമ്യത്തിലിറങ്ങിയ സമയം മുതൽ നാട്ടുകാർ ഭീതിയിലായിരുന്നു.
ഇയാളുടെ ഭാര്യയും മകളും മറ്റൊരു ബന്ധുവീട്ടിലാണ് താമസിക്കുന്നത്. ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം സജിതയും കുടുംബവുമാണ് എന്ന ധാരണയിലാണ് ചെന്താമര സജിതയെ വെട്ടിക്കൊലപ്പടുത്തിയത്. എപ്പോഴും ഇയാളുടെ കയ്യിൽ കത്തി കാണുമായിരുന്നു എന്നും പ്രദേശവാസികള്‍ പറഞ്ഞു. അതേ സമയം ചെന്താമരക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടും കൃത്യമായി ഇടപെട്ടിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു.