നീറ്റ് പരീക്ഷാപ്പേടി; വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ചെന്നൈ : നീറ്റ് പരീക്ഷാപ്പേടിയിൽ ചെന്നൈയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കേളാമ്പാക്കം സ്വദേശി ദേവദർശിനി (21) ആണ് മരിച്ചത്. വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. മെയിൽ നീറ്റ് പരീക്ഷയെഴുതാനിരിക്കെയാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തത്. കോച്ചിങ് സെന്ററിൽ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിൽ അസ്വസ്ഥയായിരുന്നു ദേവദർശിനി. 2021 ൽ 12-ാം ക്ലാസ് പരീക്ഷ പൂർത്തിയാക്കിയ ദേവദർശിനി, ഒരു ഡോക്ടറാകുക എന്നതായിരുന്നു സ്വപ്നം. കഴിഞ്ഞ രണ്ട് വർഷമായി അണ്ണാനഗറിലെ ഒരു സ്വകാര്യ അക്കാദമിയിൽ ഓൺലൈനായും ഓഫ്‌ലൈനായും കോച്ചിംഗ് ക്ലാസുകളിൽ അവൾ പങ്കെടുത്തു .
ചൊവ്വാഴ്ച ദേവദർശിനി തന്റെ കോച്ചിംഗ് സെന്ററിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയപ്പോൾ ദുഃഖിതയായി കാണപ്പെട്ടിരുന്നു. അച്ഛൻ സെൽവരാജ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു, പേടിക്കാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
അന്ന് വൈകുന്നേരം, അവൾ അച്ഛനെ സഹായിക്കാൻ അദ്ദേഹത്തിന്റെ ബേക്കറി സന്ദർശിച്ചു. തുടർന്ന് വീട്ടിലേക്ക് മടങ്ങി. കടയിൽ തിരിച്ചെത്താതെ ആയപ്പോൾ അച്ഛൻ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു, പക്ഷേ കിട്ടിയില്ല. തുടർന്ന് ഭാര്യ ദേവിയെ അന്വേഷിക്കാൻ അയച്ചപ്പോളാണ് മകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.