തിരുവനന്തപുരം: കണ്ണൂരിലെ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പ്രസിഡന്റ് പി.പി. ദിവ്യയെ തള്ളി റവന്യൂ മന്ത്രി കെ. രാജന്‍. തികച്ചും ദൗര്‍ഭാഗ്യകരമായ കാര്യമാണ് സംഭവിച്ചതെന്നും നവീന്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും കെ. രാജന്‍ പറഞ്ഞു. ‘നവീനെ കുറിച്ച് ഇതുവരെയും മോശപ്പെട്ട പരാതി നമ്മുടെ മുന്നിലില്ല. നല്ല കഴിവുള്ള, സത്യസന്ധനായ, ചുമതലകള്‍ ധൈര്യമായി ഏല്‍പ്പിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. നവീനിന്റെ ആവശ്യപ്രകാരമാണ് കണ്ണൂര്‍ എഡിഎം ചുമതലയില്‍ നിന്നും പത്തനംതിട്ടയിലേക്ക് മാറ്റിയത്. മരണത്തില്‍ അടിയന്തിരമായി അന്വേഷിച്ച് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ വേണ്ടിയിട്ടുള്ള നിര്‍ദേശം കളക്ടര്‍ക്ക് നല്‍കി. ഗൗരവമായ അന്വേഷണം ഉണ്ടാവും’, എന്നും കെ രാജന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു.
പി.പി. ദിവ്യയുടെ ഇടപെടലിനെയും മന്ത്രി തള്ളി. ജനപ്രതിനിധികള്‍ ഇടപെടലില്‍ പക്വതയും പൊതു ധാരണയും വേണം എന്ന് മന്ത്രി പറഞ്ഞു. ഇന്ന് രാവിലെയാണ് നവീന്‍ ബാബുവിനെ ക്വാട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു.