നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ തെളിവുകൾ ഉണ്ടെന്ന് ഇഡി

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ തെളിവുകൾ ഉണ്ടെന്ന് ഇഡി. ഡൽഹി റൗസ് അവന്യു കോടതിയെ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇരുവർക്കുമെതിരായ കേസ് നിലനിൽക്കുമെന്നും ഇ ഡി പറഞ്ഞു .
നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട് 142 കോടി രൂപ സോണിയക്കും രാഹുലിനും ലഭിച്ചെന്നും പ്രാഥമികമായി ഇരുവർക്കുമെതിരായ കേസ് നിലനിൽക്കുമെന്നും ഇഡി അറിയിച്ചു.
നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎൽ യങ് ഇന്ത്യൻ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസിൽ പറയുന്നത്. 2023 നവംബറിൽ, ഡൽഹി, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിലെ 661 കോടി രൂപ വിലമതിക്കുന്ന വസ്തുക്കളും 90.2 കോടി രൂപ വിലമതിക്കുന്ന എജെഎൽ ഓഹരികളും ഇഡി താൽക്കാലികമായി കണ്ടുകെട്ടി. ഏപ്രിൽ 10 ന് ഈ കണ്ടുകെട്ടൽ സ്ഥിരീകരിക്കുകയും ചെയ്തു.
2014 ൽ ഡൽഹി കോടതിയിൽ സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച സ്വകാര്യ ക്രിമിനൽ പരാതിയിൽ നിന്നാണ് 2021 ൽ ഇ.ഡി.യുടെ അന്വേഷണം ആരംഭിച്ചത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവർ ചേർന്ന് യംഗ് ഇന്ത്യൻ വഴി 50 ലക്ഷം രൂപയ്ക്ക് എ.ജെ.എല്ലിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി ഏറ്റെടുത്തതായി പരാതിയിൽ പറയുന്നു.