x
NE WS KE RA LA
Uncategorized

രണ്ടു വയസുകാരിയുടെ കൊലപാതകം ; കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിച്ചു

രണ്ടു വയസുകാരിയുടെ കൊലപാതകം ; കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിച്ചു
  • PublishedJanuary 30, 2025

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിക്കുകയും ചെയ്തു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മാവൻ ഹരികുമാര്‍ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. കസ്റ്റഡിയിലുള്ള ഹരികുമാറിന്‍റെ കുറ്റസമ്മത മൊഴി ഒന്നുകൂടി ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

കുഞ്ഞിന്‍റെ അമ്മയുടെ സഹോദരനാണ് ഹരികുമാര്‍. പ്രതിയുടെ മൊഴി പൂര്‍ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. കേസിൽ നേരത്തെ കുട്ടിയുടെ അച്ഛനെയും അമ്മയെയും അമ്മാവനെയും ഉള്‍പ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിച്ചിരിക്കുന്നത്. കൊലപാതകത്തിന്‍റെ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടുതൽ ചോദ്യം ചെയ്യലിൽ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

രാവിലെ മുതലുള്ള ചോദ്യം ചെയ്യലില്‍ ഹരികുമാര്‍ പൊലീസിനോട് തട്ടിക്കയറുകയും. ചോദ്യം ചെയ്യലുമായി സഹകരിച്ചിരുന്നുമില്ല. പൊലീസ് തന്നെ കാര്യങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുവെന്ന മറുപടിയാണ് ഹരികുമാര്‍ നൽകിയത്. തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് പ്രതി ഒടുവിൽ കുറ്റം സമ്മതിച്ചത്. ഇന്ന് രാവിലെയാണ് ബാലരാമപുരത്ത് കാണാതായ രണ്ടു വയസുകാരിയുടെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ കണ്ടെത്തിയത്.

സംഭവത്തിൽ തുടക്കം മുതൽ അടിമുടി ദുരൂഹത തുടര്‍ന്നിരുന്നു. കൊലപാതകമെന്ന സംശയത്തിൽ പൊലീസ് രാവിലെ തന്നെ കുട്ടിയുടെ അച്ഛൻ, അമ്മ, മുത്തശ്ശി, അമ്മയുടെ സഹോദരൻ എന്നിവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. കോട്ടുകാൽക്കോണം സ്വദേശി ശ്രീതുവിന്‍റെയും ശ്രീജിത്തിന്‍റെയും മകളായ ദേവേന്ദുവാണ് മരിച്ചത്.

അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഇന്നലെ ഉറങ്ങാൻ കിടന്ന ദേവേന്ദുവിനെ രാവിലെ കാണാതാവുകയും . തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്‍റെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ കണ്ടെത്തുകയുമായിരുന്നു. കുഞ്ഞിന്‍റെ മുത്തശ്ശന്‍റെ മരണാനന്തര ചടങ്ങിനെത്തിയ ബന്ധുക്കള്‍ അടക്കം നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്.

അമ്മയും മുത്തശ്ശിയും തുടക്കത്തിൽ നൽകിയ മൊഴികളിൽ തന്നെ വൈരുധ്യമുണ്ടായതോടെ വീട്ടുകാര്‍ സംശയ നിഴലിലായി. ഇതോടെയാണ് അമ്മയെയും അച്ഛനെയും മുത്തശ്ശിയെയും അമ്മയുടെ സഹോദരൻ ഹരികുമാറിനെയും കസ്റ്റഡിയിലെടുത്തത്. ഏറെ നാളെയായി ശ്രീതുവും ഭർത്താവ് ശ്രീജിത്തും അകന്നു കഴിയുകയാണ്. ഇടയ്ക്കിടെ മാത്രമാണ് വീട്ടിലേയ്ക്ക് വന്നിരുന്നത്.

കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് വിവരം. ഇതിന്‍റെ പേരിൽ കുടുംബത്തിൽ തര്‍ക്കങ്ങളും നടന്നിരുന്നു. കൂടാതെ 30 ലക്ഷം രൂപ കാണാനില്ലെന്ന് കുടുംബം ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതി വ്യാജമാണെന്നാണ് പൊലീസ് പറയുന്നത്. ഹരികുമാറിന്‍റെ മുറിയിലെ കട്ടിൽ കത്തിയ നിലയാണ്. ഇതും സംഭവത്തിൻെറ ദുരൂഹത വര്‍ധിപ്പിക്കുകയാണ്. കുട്ടിയുടെ മരണത്തിന് പിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിൽ കയറും മണ്ണെണ്ണയും ഉള്‍പ്പെടെ പൊലീസ് കണ്ടെത്തി. വീട്ടുകാര്‍ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന സംശയം ഉയര്‍ന്നിരുന്നെങ്കിലും അത്തരമൊരു നീക്കമുണ്ടായിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *