x
NE WS KE RA LA
Uncategorized

കഠിനംകുളം വീട്ടമ്മയുടെ കൊലപാതകം: പ്രതിയെ തിരിച്ചറിഞ്ഞു

കഠിനംകുളം വീട്ടമ്മയുടെ കൊലപാതകം: പ്രതിയെ തിരിച്ചറിഞ്ഞു
  • PublishedJanuary 23, 2025

തിരുവനന്തപുരം: കഠിനംകുളം സ്വദേശി ആതിരയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം. പ്രതി കൊല്ലം സ്വദേശി ജോൺസൺ ഓസേപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ് രംഗത്ത്. ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോൺസൺ. സംഭവത്തിൽ ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായിരുന്നു ജോൺസൺ. ചെല്ലാനത്ത് നിന്നും വിവാഹം കഴിച്ച് അവിടെ താമസിക്കുകയായിരുന്നു. ഇയാൾ മൂന്നു വർഷമായി ഭാര്യയുമായി പിരിഞ്ഞ് കൊല്ലത്തും കൊച്ചിയിലുമായി താമസിക്കുകയാണെന്നും പൊലീസ് കണ്ടെത്തി. കൊല്ലത്തെ ഒരു സുഹൃത്തിൻ്റെ പേരിലുള്ള തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് ഇയാൾ സിം കാർഡ് എടുത്തിരിക്കുന്നത്. അതുപോലെ കൊലപാതകത്തിന് ശേഷം പ്രതികൊണ്ടുപോയ വീട്ടമ്മയുടെ സ്കൂട്ടർ നേരത്തെ പൊലീസ് കണ്ടെത്തി.

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് വീടിന് തൊട്ടടുത്ത ക്ഷേത്രത്തിൽ പൂജാരിയായ ഭർത്താവ് രാജീവ് പൂജ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വെഞ്ഞാറമൂട് സ്വദേശിനി ആതിരയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ആതിരയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ചെല്ലാനം സ്വദേശിയായ യുവാവ് എല്ലാ മാസവും ആതിരയെ കാണാൻ കഠിനംകുളത്ത് എത്താറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ സമയങ്ങളിൽ യുവാവ് പെരുമാതുറയിലെ മുറിയിലാണ് താമസിച്ചിരുന്നത്. ഇയാൾ മൂന്ന് ദിവസം മുൻപ് തനിക്കൊപ്പം വരണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നും ആതിരയെ ഭീഷണിപ്പെടുത്തിയതായും ഭർത്താവ് പൊലീസിന് മൊഴി നൽകി.

പ്രതി തന്നെ കൊണ്ടുവന്ന കത്തികൊണ്ടാണ് ആതിരയെ കുത്തിയിരിക്കുന്നത്. സുഹൃത്തുമായുള്ള ബന്ധം ഭർത്താവും വീട്ടുകാരും അറിഞ്ഞ ശേഷം ആതിര ഈ ബന്ധത്തിൽ നിന്നും പിന്നോട്ടുപോയിരുന്നു. ആതിരയെ കൊലപ്പെടുത്തിയ ശേഷം പ്രതി വീട്ടമ്മയുടെ സ്കൂട്ടറെടുത്താണ് രക്ഷപ്പെട്ടിരിക്കുന്നത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ വാഹനം വച്ച ശേഷം ട്രെയിൻ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *