പാർക്കിങ്ങിന് സൗകര്യമില്ലാതെ മൂന്നാർ ടൗൺ ; വ്യാപാരികൾ ദുരിതത്തിൽ .

മൂന്നാർ : മധ്യവേനലവധി തിരക്ക് ആരംഭിച്ചിട്ടും മൂന്നാർ ടൗണിലെ വ്യാപാരികൾ കച്ചവടമില്ലാതെ ദുരിതത്തിൽ . വണ്ടികൾ പാർക്ക് ചെയ്ത് ഇറങ്ങാൻ സ്ഥലമില്ലാത്തതാണ് കാരണം . ആരംഭിച്ചതോടെ കഴിഞ്ഞ ഒരാഴ്ച മുൻപാണ് മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് ആരംഭിച്ചത്.മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ, ഹൈഡൽ പാർക്ക്, ബോട്ടാണിക്കൽ ഗാർഡൻ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ സന്ദർശനം കഴിഞ്ഞ് മടങ്ങുന്ന സഞ്ചാരികൾ ടൗണിലെത്തി വാഹനങ്ങൾ നിർത്താൻ സൗകര്യമില്ലാത്തതിനാൽ മടങ്ങുകയാണ് ചെയ്യുന്നത്.വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്തതും ഗതാഗതക്കുരുക്കുംമൂലം സഞ്ചാരികൾക്ക് ടൗണിൽ ഇറങ്ങാനോ സാധനങ്ങൾ വാങ്ങാനോ കഴിയാത്ത അവസ്ഥയാണ്.
അവധിക്കാല സീസൺ മുന്നിൽക്കണ്ട് വ്യാപാരികൾ സ്ഥാപനങ്ങളിൽ ചോക്‌ലേറ്റ്, തേയില ഉൾപ്പെടെ ലക്ഷങ്ങളുടെ സ്റ്റോക്കാണ് സൂക്ഷിച്ചിട്ടുള്ളത്. എന്നാൽ സഞ്ചാരികൾ എത്താതായതോടെ ഇവയെല്ലാം പാഴായിപ്പോകുന്ന അവസ്ഥയാണ് .വൻ തുക വാടക നൽകി സ്ഥാപനങ്ങൾ എടുത്തു നടത്തുന്നവരാണ് കച്ചവടമില്ലാതെ ഏറ്റവുമധികം ദുരിതത്തിലായിരിക്കുന്നത്.