മുണ്ടക്കൈ- ചൂരൽമല പുനരധിവാസം; ആറുമാസം പിന്നിട്ടിട്ടും എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം

വയനാട് : മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ആറുമാസം പിന്നിടുമ്പോഴും പുനരധിവാസത്തിനായി എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നത് വൈകുന്നുവെന്ന് ആക്ഷേപം. നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലിയുളള ആശയക്കുഴപ്പമാണ് വൈകാൻ കാരണമായിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.
ജൂലൈ 30നാണ് വയനാട് ജില്ലയിലെ ചൂരൽ മലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടൽ നാശം വിതച്ചത്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റും മേപ്പാടി നെടുമ്പാല എസ്റ്റേറ്റും ഏറ്റെടുക്കാൻ കോടതി അനുമതി നൽകിയിട്ട് ഒരുമാസം കഴിഞ്ഞു. നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാനാണ് ഹൈകോടതി ഉത്തരവ് നൽകിയിരിക്കുന്നത്. എന്നാൽ ഏറ്റെടുക്കുന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്.
എസ്റ്റേറ്റ് ഭൂമിക്കാണോ അതിലെ ചമയങ്ങൾക്കാണോ നഷ്ടപരിഹാരം നൽകേണ്ടെതെന്നതിലാണ് അവ്യക്തത നിലനിൽക്കുന്നത്. സിവിൽ കേസിൽപെട്ട ഭൂമി ഏറ്റെടുക്കമ്പോൾ കോടതിയിൽ പണം കെട്ടിവെക്കുന്നതാണ് കീഴ് വഴക്കം. കോടതി നിർദ്ദേശം പാലിച്ച് നഷ്ടപരിഹാരം ഉടമകൾക്ക് നൽകിയാൽ സർക്കാരിന് നഷ്ടമുണ്ടാകുമെന്നാണ് റവന്യു വകുപ്പിൻെറ ആശങ്ക.
എന്നാൽ എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതിൽ കാലതാമസമില്ലെന്നാണ് റവന്യു മന്ത്രി കെ.രാജൻ പ്രതികരിച്ചു. എസ്റ്റേറ്റിൻെറ അളവും മൂല്യ നിർണയവും നടന്നുവരികയാണ്.എ.ജിയുടെ ഉപദേശം ലഭിക്കുമ്പോൾ മറ്റ് നടപടികളെല്ലാം പൂർത്തിയാകും. താമസം വരാതിരിക്കാൻ ഭൂമിയുടെ വിലയും ചമയങ്ങളുടെ വിലയും പ്രത്യേകം പ്രത്യേകം കണക്കാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.