x
NE WS KE RA LA
Kerala

MSC എൽസ 3 കപ്പൽ അപകടം; കേസെടുത്ത് പൊലീസ്

MSC എൽസ 3 കപ്പൽ അപകടം; കേസെടുത്ത് പൊലീസ്
  • PublishedJune 11, 2025

കൊച്ചി : കൊച്ചി തീരത്തെ MSC എൽസ 3 കപ്പൽ അപകടത്തിൽ കേസെടുത്ത് പൊലീസ്. ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

കപ്പൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും സംസ്ഥാന സർക്കാരും തമ്മിൽ നടത്തിയ ചർച്ചയിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ സംഭവത്തിൽ വ്യാപക പ്രതിഷേധവും വിമർശനങ്ങളും ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. MSC എൽസ 3 യുടെ ഷിപ്പ് മാസ്റ്ററാണ് കേസിൽ രണ്ടാം പ്രതിയായിരിക്കുന്നത് . MSC എൽസ ഷിപ്പിംഗ് ക്രൂസ് ആൻഡ് അതേർസ്, MSC എൽസ 3 കപ്പലും പ്രതികളാക്കി എഫ്‌ഐആർ ചേർത്തിട്ടുണ്ട്. 282,285,286,287,288 & 3(5) OF BNS 2023 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് ചുമത്തിയത്.

MSC എൽസ -3 എന്ന ചരക്കു കപ്പലിലുള്ള കണ്ടെയ്നറുകളിൽ എളുപ്പത്തിൽ തീപിടിക്കാൻ സാധ്യത ഉള്ള ചരക്കുകളും, സ്ഫോടക വസ്തുക്കളും ഉണ്ടെന്ന അറിവ് നിലനിൽക്കെ പ്രതികൾ മനുഷ്യ ജീവനും സ്വത്തിനും അപകടം ഉണ്ടാക്കും വിധം അപാകമായും ഉദാസീനമായും MSC എൽസ -3 എന്ന ചരക്കു കപ്പൽ കൈകാര്യം ചെയ്തത് വഴി മെയ് 24 ന് ആലപ്പുഴ തോട്ടപ്പള്ളിക്ക് പടിഞ്ഞാറ് വശം കടലിൽ മുങ്ങി താഴാനിടയാക്കി. അപകടത്തെ തുടർന്ന് കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്നറുകളിൽ നിന്നും വിനാശകാരികളായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും മറ്റും പുറം തള്ളപ്പെട്ടത് മൂലം പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കുകയും കൂടാതെ പരമ്പരാഗത മത്സ്യബന്ധന മേഖലയെ ഇത് പ്രതികൂലമായി ബാധിച്ച് മത്സ്യ തൊഴിലാളികൾക്ക് ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടാകുകയും ചെയ്തിരുന്നു. കപ്പൽ മൂലവും അതിൽ നിന്ന് കടലിൽ പതിച്ച കണ്ടെയ്നറുകൾ മൂലവും, കപ്പൽ ചാലിലും മറ്റ് സമീപ പ്രദേശങ്ങളിലും സഞ്ചാരം നടത്തുന്ന യാനങ്ങളുടെ പൊതു സഞ്ചാരത്തിന് മാർഗ്ഗ തടസ്സം ഉണ്ടാകുവാനും ഇടയാക്കിയെന്ന് എഫ്‌ഐആറിൽ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *