മുംബൈയിലും കാലവർഷം എത്തി; വിമാനങ്ങൾ വൈകിയേക്കുമെന്ന് സ്പൈസ് ജെറ്റ്

മുംബൈ : മുംബൈയിലും കാലവർഷം എത്തി. രത്നഗിരി, സിന്ധുദുർഗ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മുംബൈ, താനേ, പാൽഗർ ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നൽകിയിരിക്കുന്നത്. മുംബൈയിലേക്കുള്ള വിമാനങ്ങൾ വൈകിയേക്കുമെന്ന് സ്പൈസ് ജെറ്റ് അറിയിപ്പ് നൽകി.
12 ദിവസം നേരത്തെയാണ് മുംബൈയിൽ കാലവർഷം എത്തിയിരിക്കുന്നത്. മുംബൈയിൽ അപകടാവസ്ഥയിലുള്ള 96 കെട്ടിടങ്ങൾ കണ്ടെത്തിയെന്നും 3000ത്തിലേറെ ആളുകളോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടെന്നും കോർപ്പറേഷൻ അറിയിപ്പ് നൽകി. മുംബൈയിൽ കോർപ്പറേഷൻ കൺട്രോൾ റൂം തുറന്നു.
ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വേഗതയിൽ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച രാവിലെ മുംബൈയുടെ ചില ഭാഗങ്ങളിൽ മഴ രേഖപ്പെടുത്തിയതോടെ ലോക്കൽ ട്രെയിനുകൾ വൈകിയോടാൻ തുടങ്ങിയിരുന്നു. ഇതോടെ ദുരിത യാത്രകൾ തുടരും എന്ന ഭീതിയിലാണ് ദിവസേന ലോക്കൽ ട്രെയിൻ സേവനത്തെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാർ.