മ്മാഡ് മെഗാ ഷോ നാളെ

കോഴിക്കോട്: ലഹരിക്കെതിരെ ഒരു നാടൊരുക്കുന്ന മ്മാഡ് മെഗാ ഷോ നാളെ വൈകിട്ട് 6.30 ന് കക്കോടി പ്രിൻസ് ഓഡിറ്റോറിയത്തിൽ അരങ്ങേറും. ലഹരി വിരുദ്ധ പ്രവർത്തനം ശക്തമാക്കണമെങ്കിൽ നിയമം മാത്രം പോരാ താഴെത്തട്ടിൽ നിന്നു തന്നെ ജനങ്ങളുടെ കൂട്ടായ പ്രവർത്തനം വേണമെന്ന സന്ദേശമുയർത്തിയാണ് ഷോ . കോഴിക്കോട് സിറ്റി പൊലീസിൻ്റെ സഹകരണത്തോടെ നോ നെവർ കാമ്പയിൻ്റെ ഭാഗമായി കക്കോടി നവദർശന റെസിഡൻ്റ്സ് അസോസിയേ ഷന്റെ നേത്യത്വത്തിലാണ് ഒരു മണിക്കൂർ നീണ്ട മെഗാ ഷോ അവതരിപ്പിക്കുന്നത്. നൂറ്റി മുപ്പതോളം കുടുംബാംഗങ്ങൾക്കു പുറമെ പൊലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്ത കരും തലക്കുളത്തൂർ സി.എം.എം ഹൈസ്‌കൂളിലെ എസ്.പി.സി വിദ്യാർഥികളും നാട്യശ്രീ കിഴക്കുമുറിയിലെ നർത്തകരും മെഗാ ഷോയിൽ അണിനിരക്കും. അസി. പൊലീസ് കമീഷണർ എ. ഉമേഷ്, മുതിർന്ന മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഷോ ഉല്ലാസ് മാവിലായിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ലഹരി ഉപയോഗിക്കുന്നവരെ ഒറ്റപ്പെടുത്തുകയല്ല ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുകയാണ് ചെയ്യേണ്ടതെന്ന സന്ദേശമുയർത്തിയാണ് ഷോ എന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാർ മനോജ് കുമാർ ചീക്കപ്പറ്റ, കൺവീനർ നാസർ പുന്നോളി, സെക്രട്ടറി എം.എസ് രവികുമാർ മഞ്ചേരിൽ, ട്രഷറർ എ.പ്രമേഷ്, ഡയറക്ടർ ഉല്ലാസ് മാവിലായ് എന്നിവർ പങ്കെടുത്തു