ആരോഗ്യം വീണ്ടെടുത്ത് ഉമ തോമസ് എംഎൽഎ; ഫിസിയോ തെറാപ്പി തുടരും

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ വിഐപി ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതർ അറിയിച്ചു. വളരെ മോശം അവസ്ഥയിലായിരുന്നു ഉമ തോമസ് എംഎൽഎ ആശുപത്രിയിൽ എത്തിയതെന്ന് റെനൈ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് വ്യക്തമാക്കി. വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്നും കുറച്ചു ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നും ഡോക്ടർ വ്യക്തമാക്കി. എംഎൽഎയുടെ മനോധൈര്യം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു .
ആശുപത്രിയിൽ എംഎൽഎയ്ക്ക് ഓഫീസ് സൗകര്യം ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത് . വെന്റിലേറ്ററിൽ നിന്ന് മാറ്റി രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ അയാം ഓകെ എന്ന് ഉമ തോമസ് പറഞ്ഞു. അപകടത്തിന്റെ ദൃശ്യം എംഎൽഎയെ കാണിച്ചിരുന്നു എന്നും അത് കണ്ടതിൽ പിന്നെ വീട്ടിൽ പോകണം എന്ന് പറഞ്ഞിട്ടില്ലെന്നും ഡോക്ടർ കൃഷ്ണനുണ്ണി വിശദമാക്കി.