പി എം ശ്രീ; വിഹിതം തടഞ്ഞ കേന്ദ്രനീക്കത്തിനെതിരെ തമിഴ്നാടുമായി ചേർന്ന് നീക്കം നടത്തും മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പു വയ്ക്കാത്തതിന്റെ പേരിൽ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയ്‌ക്കുള്ള വിഹിതം തടഞ്ഞ കേന്ദ്രനീക്കത്തിനെതിരെ തമിഴ്‌നാടുമായി യോജിച്ച നീക്കം നടത്താനുള്ള സാധ്യതകൾ തേടുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും. അധികാരം ഉണ്ടെന്നു കരുതി എന്തും ചെയ്യാമെന്ന നിലപാട് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
ഡൽഹിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രദാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എൻസിഇആർടിയുടെ ജനറൽ കൗൺസിൽ യോഗത്തിലും പങ്കെടുത്തു. രണ്ട് സന്ദർഭങ്ങളിലും കേരളത്തിന്റെ ആവശ്യങ്ങളും ആശങ്കകളും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്രവിഹിതം ലഭ്യമാക്കുന്നതിൽ വലിയ പ്രതിസന്ധിയാണ് നിലവിലുള്ളത്. ആകെ 1500 കോടി രൂപയാണ് ലഭിക്കാനുള്ളതെന്നും മന്ത്രി പറഞ്ഞു