തൃശൂർ : നാട്ടികയില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്ക് മേല്‍ ലോറി കയറി അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ മനപ്പൂര്‍വമായ നരഹത്യക്ക് കേസെടുത്തിരിക്കുന്നതെന്നും പഴുതുകളില്ലാതെ സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
കണ്ണൂരില്‍ നിന്ന് തടി കയറ്റി പുറപ്പെട്ടതാണ് വാഹനം. മാഹിയില്‍ നിന്ന് മദ്യം വാങ്ങിയ ഡ്രൈവറും ക്ലീനറും അത് ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രാഥമികമായ പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വാഹനമോടിച്ചിരുന്നവരുടെ ഭാഗത്താണ് പൂര്‍ണമായ തെറ്റ്. അവിടുത്തെ ഡിവൈഡര്‍ ഉള്‍പ്പടെയുള്ളവ ഇടിച്ച് തെറിപ്പിച്ചാണ് വാഹനം വന്നത്.
അതേസമയം അപകടസ്ഥലത്ത് ആളുകള്‍ കിടന്നുറങ്ങാനുണ്ടായ സാഹചര്യം പിന്നീട് പരിശോധിക്കുമെന്നും ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ്‌മോര്‍ട്ടവും ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ തയ്യാറാക്കിയ വാഹനങ്ങളില്‍ അവരുടെ വീടുകളില്‍ എത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ പാലക്കാട് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒപ്പം മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും . ചികിത്സയുള്‍പ്പടെയുള്ള കാര്യങ്ങള്‍ ജില്ലാ ഭരണകൂടം മേല്‍നോട്ടം നല്‍കുമെന്നും മന്ത്രി അറിയിച്ചു.