‘കായലിൽ എറിഞ്ഞത് അണ്ണാന്മാർ കടിച്ച മാങ്ങ’; പ്രതികരണവുമായി എംജി ശ്രീകുമാർ

കൊച്ചി: വീട്ടിൽ നിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് ഗായകൻ എംജി ശ്രീകുമാറിന് പിഴയൊടുക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി ഗായകൻ എം.ജി.ശ്രീകുമാർ രംഗത്ത് എത്തിയിരിക്കുകയാണ്.. തന്റെ ജോലിക്കാരി അണ്ണാന്മാർ കടിച്ച മാങ്ങ നിലത്ത് ചിതറിക്കിടന്നപ്പോൾ പേപ്പറിൽ പൊതിഞ്ഞ് കായലിലേക്ക് വലിച്ചെറിഞ്ഞതാണെന്നാണ് എം.ജി. ശ്രീകുമാർ മാധ്യമങ്ങളോട് പറഞ്ഞത്.
ബോൾഗാട്ടിയിലുള്ള വീട്ടിൽ താൻ അധികസമയമുണ്ടാവാറില്ല. മാലിന്യം കായലിലേക്ക് വലിച്ചെറിഞ്ഞത് തെറ്റാണ്. തന്റെ വീടായതുകൊണ്ട് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. വീടിന്റെ പരിസരത്ത് ഹരിതകർമ സേനയെ കണ്ടിട്ടില്ല. സേനയ്ക്ക് നൽകാൻ പ്ലാസ്റ്റിക്മാലിന്യം വീട്ടിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുളവുകാട് പഞ്ചായത്തിൽ ബോൾഗാട്ടിക്ക് സമീപം ഗായകന്റെ കായലോരത്തുള്ള വീട്ടിൽനിന്നാണ് മാലിന്യം കായലിലേക്കെറിഞ്ഞത്. ഇത് വീഡിയോയിൽ പതിഞ്ഞതിനെ തുടർന്നാണ് നടപടി ഉണ്ടായത്.
കായലിലൂടെ യാത്രചെയ്ത വിനോദസഞ്ചാരിയാണ് വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചത്. അന്നുതന്നെ വീട്ടുടമയായ എം.ജി. ശ്രീകുമാറിന് പിഴ ചുമത്തി നോട്ടീസ് നൽകിയെന്ന് മന്ത്രി എം.ബി. രാജേഷ് പോസ്റ്റിനു നൽകിയ മറുപടിയിൽ പറയുന്നു. എം.ജി. ശ്രീകുമാറിനുവേണ്ടി ജോലിക്കാരനെത്തി പിഴത്തുകയായ 25000 രൂപ അടച്ചു.