x
NE WS KE RA LA
Kerala Latest Updates

മസ്തിഷ്ക ജ്വരം: 5 പേർ ചികിത്സയിൽ

മസ്തിഷ്ക ജ്വരം: 5 പേർ ചികിത്സയിൽ
  • PublishedAugust 7, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം കൂടുതല്‍ പേരിലേയ്ക്ക് ബാധിക്കുന്നതായി സൂചന. തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച്‌ അഞ്ചുപേരാണ് ചികിത്സയില്‍ കഴിയുന്നത്. ലക്ഷണങ്ങളുമായെത്തിയ രണ്ടുപേരെ കൂടി നിരീക്ഷണത്തിലാക്കി. ഇവരുടെ സ്രവം പരിശോധനയ്‌ക്കയച്ചതിന്റെ ഫലം ഇന്നുവരും. നെയ്യാറ്റിൻകര നെല്ലിമൂട്ടില്‍ 39 പേർ നിരീക്ഷണത്തിലാണെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം. നെല്ലിമൂട് സ്വദേശികളായ അഖില്‍ (23), സജീവ് (24) എന്നിവരെയാണ് കഴിഞ്ഞദിവസം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ ചികിത്സയിലുള്ള യുവാക്കള്‍ക്കൊപ്പം മരുതംകോട് കുളത്തില്‍ കുളിച്ചവരാണ് ഇവരും. ആശുപത്രിയിലുള്ളവരുടെ എണ്ണം ഏഴായതോടെ പ്രത്യേക ഐ.സി.യു സജ്ജമാക്കി. രോഗികളുടെ എണ്ണം കൂടിയാല്‍ പ്രത്യേക വാർഡും തുറക്കും.

അതേസമയം, ചികിത്സയിലുള്ള പേരൂർക്കട സ്വദേശി നിജിത്തിന്റെ (39) നില ഗുരുതരമായി തുടരുകയാണ്. ജൂലായ് 23ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച അതിയന്നൂർ മരുതംകോട് കണ്ണറവിളയില്‍ അഖിലിനൊപ്പം മരുതംകോട് കാവില്‍കുളത്തില്‍ കുളിച്ചവരാണ് നിജിത്ത് ഒഴികെ ചികിത്സയിലുള്ള മറ്റുള്ളവർ. നിജിത്തിനെ അവശനിലയില്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ വിവരങ്ങള്‍ ചോദിച്ചറിയാനായിട്ടില്ല. കടുത്ത പനിയും തലവേദനയുമായി ചികിത്സ തേടിയ അതിയന്നൂർ മരുതംകോട് കണ്ണറവിള അനുലാല്‍ ഭവനില്‍ അഖില്‍ (27) കഴി‌ഞ്ഞമാസം 23നാണ് മരിച്ചത്. പിന്നാലെയാണ് ഒപ്പം കുളിച്ചവരും ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. അതേസമയം കുളത്തിലെ വെള്ളം പരിശോധിച്ചതില്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ലെങ്കിലും രോഗബാധിതരെല്ലാം പൊതുവായി മുങ്ങിക്കുളിച്ച സ്ഥലമായതിനാല്‍ വൈറസിന്റെ ഉറവിടം കാവിൻകുളമാണെന്ന് ഉറപ്പിക്കുകയാണ് ആരോഗ്യവകുപ്പ്. വെള്ളത്തിന്റെ അടിത്തട്ടിലെ കൂടുതല്‍ സാമ്ബിളുകള്‍ ശേഖരിച്ച്‌ വിശദമായ പരിശോധന നടത്തും.

Leave a Reply

Your email address will not be published. Required fields are marked *