‘പിണറായി വിജയൻ പ്രതിപ്പട്ടികയിൽ വരുന്ന നാളുകൾ വിദൂരമല്ല’: സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിൽ മാത്യു കുഴൽനാടൻ

ഇടുക്കി: സിഎംആർഎൽ-എക്‌സാലോജിക് വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് എംഎൽഎ മാത്യു കുഴൽനാടൻ. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപ്പട്ടികയിൽ വരുന്ന നാളുകൾ വിദൂരമല്ലെന്നും പറഞ്ഞു. ഇടപാടിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന നിലപാടിൽ സിപിഎം ഉറച്ചുനിൽക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം വ്യാഴാഴ്ചയാണ് എസ്എഫ്‌ഐഓ, കുറ്റപത്രം എറണാകുളം ജില്ലാകോടതിയിൽ സമർപ്പിച്ചത്. ‘ഇന്ന് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ പ്രതിപ്പട്ടികയിൽ വന്നിരിക്കുകയാണ്. എത്രവേണമെങ്കിലും അത് വൈകിപ്പിക്കാൻ ശ്രമിക്കാം. എത്രവേണമെങ്കിലും പ്രചണ്ഡമായ പ്രചരണങ്ങൾ നടത്താം. കേസുകൾ പരാജയപ്പെട്ടെന്ന് പറയാം.
പക്ഷേ, പിണറായി വിജയൻ പ്രതിപ്പട്ടികയിൽ വരുന്ന നാളുകൾ വിദൂരമല്ല. അക്കാര്യത്തിൽ സംശയമില്ല. എന്നാൽ അനധികൃതമായി, നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും കിട്ടിയ പണത്തിന് നികുതി അടച്ചിട്ടുള്ളതിനാൽ അഴിമതിയില്ലെന്നുമാണ് സിപിഎം പറയുന്നത്. അന്ന് പറഞ്ഞ നിലപാടിൽ സിപിഎം ഉറച്ചുനിൽക്കുന്നുണ്ടോ?.
വ്യാഴാഴ്ച എറണാകുളം ജില്ലാകോടതിയിൽ എസ്എഫ്‌ഐഓ സമർപ്പിച്ച കുറ്റപത്രം ഇനി എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്. കുറ്റപത്രം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണോയെന്ന പരിശോധന നടക്കും. കുറ്റം നിലനിലനിൽക്കുന്നതാണെന്ന് കോടതിക്ക് ബോധ്യപ്പെടേണ്ടതുണ്ട്.
തുടർന്ന് മാത്രമേ വീണ വിജയനുൾപ്പെടെയുള്ളവർ നിയമപരമായി പ്രതിചേർക്കപ്പെടുമോ എന്ന കാര്യത്തിൽ വ്യക്തത വരുകയുള്ളൂ. അതിന് ശേഷമേ വിചാരണ നേരിടേണ്ടതായുള്ളൂ എന്നാണ് മാത്യു കുഴൽനാടൻ പറഞ്ഞത്.