ടൗണിൽ വൻ തീപിടിത്തം; അഞ്ച് കടകൾ കത്തിനശിച്ചു
ഇടുക്കി: വണ്ടിപ്പെരിയാർ ടൗണിൽ വൻ തീപിടിത്തം. സംഭവത്തിൽ അഞ്ച് കടകൾ കത്തിനശിച്ചു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് വണ്ടിപ്പെരിയാർ പശുമല ജംഗ്ഷനിലെ കടകളിൽ തീപിടിത്തം ഉണ്ടായിരിക്കുന്നത്.
പീരുമേട്ടിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് എത്തി തീയണക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് കട്ടപ്പന, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നായി രണ്ട് ഫയർഫോഴ്സ് യൂണിറ്റ് കൂടി എത്തിയാണ് അഞ്ചുമണിയോടെ തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം പറയുന്നത്. തടികൊണ്ട് നിർമിച്ച പഴയ രണ്ടുനില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ തീ വളരെ വേഗത്തിൽ ആളിപടരുകയും. കെട്ടിടം പൂർണമായി കത്തി നശിക്കുകയും ചെയ്തു. അഞ്ചു കടകളിലായി കോടികളുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ.