വിവാദങ്ങൾക്കിടയിലും 100 ദിനങ്ങൾ പ്രദർശനം തുടർന്ന് മാർക്കോ

ഏറെ വിവാദങ്ങൾ നേരിട്ട ചിത്രമായിരുന്നു ഉണ്ണി മുകുന്ദൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം ‘മാർക്കോ’.തിയേറ്ററുകളിൽ 100 ദിനവും 100 കോടിയും പിന്നിട്ടിരിക്കുകയാണ് മാർക്കോ . ആദ്യമായി നിർമ്മിച്ച ചിത്രം തന്നെ 100 ദിവസം തിയേറ്ററുകളിൽ പ്രദർശനം തുടർന്നതോടെ വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്. ചിത്രം നേരത്തെ തന്നെ 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. തിയേറ്ററുകളിൽ വലിയ വിജയമായ ചിത്രം ഫെബ്രുവരി 14 നാണ് ഒടിടിയിൽ എത്തിയത്. ഇപ്പോഴും തിയേറ്ററുകളിൽ ചിത്രം പ്രദർശനം തുടരുന്നുണ്ട്. തൃശൂർ വരാന്തരപ്പിള്ളിയിലെ ഡേവീസ് തിയേറ്ററിലാണ് ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നത്.
മലയാളത്തിലും ഇതര ഭാഷകളിലും മികച്ച സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത് . സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്ന ചിത്രം ഇതിനകം ഏവരുടെയും ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രമായ ‘മാർക്കോ’യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.