സ്ത്രീ സുരക്ഷയ്ക്ക് നിരവധി മുന്നേറ്റങ്ങള്‍

സ്ത്രീകളുടെ വികസന മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് സ്ത്രീസൗഹൃദ കേരളം സാധ്യമാക്കാന്‍ കേരളം നടപ്പിലാക്കുന്ന നിരവധി പദ്ധതികള്‍ രാജ്യത്തിനാകെ മാതൃകയാണ്. സ്ത്രീകളുടെ സുരക്ഷ, ശാക്തീകരണം, ക്ഷേമം എന്നിവ ഉറപ്പുവരുത്താന്‍ വിവിധ മേഖലകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള പദ്ധതികളാണ് സംസ്ഥാനം നടപ്പാക്കിയത്. തൊഴിലിടങ്ങളില്‍ ഇരുന്ന് പണിയെടുക്കാനുള്ള അവകാശം, അധ്യാപകര്‍ക്ക് മാന്യമായ ഏത് വസ്ത്രവും ധരിക്കാനുള്ള അവകാശം, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ത്തവ അവധി, വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രസവ അവധി, ലിംഗപദവി ബജറ്റ്, അംഗണപ്പൂമഴ ജെന്‍ഡര്‍ ഓഡിറ്റഡ് പാഠപുസ്തകം, ജെന്‍ഡര്‍ ന്യൂട്രല്‍ സ്‌കൂള്‍ യൂണിഫോം, ചരിത്രത്തില്‍ ആദ്യമായി വനിത ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാര്‍ തുടങ്ങി സ്ത്രീകളുടെ ആത്മാഭിമാനം ഉയര്‍ത്തുന്ന നിരവധി നവോത്ഥാന നേട്ടങ്ങളുടെ നിറവിലാണ് ഈ വര്‍ഷത്തെ വനിതാദിനം സംസ്ഥാനം ആചരിക്കുന്നത്. വനിതാ ശിശു വികസന വകുപ്പ് , സാമൂഹ്യ നീതി വകുപ്പ്, വനിതാ കമ്മീഷന്‍, വനിതാ വികസന കോര്‍പ്പറേഷന്‍ തുടങ്ങിയ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും സംസ്ഥാനത്ത് സ്ത്രീ മുന്നേറ്റ പ്രവര്‍ത്തങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.
കേരളത്തിന്റെ ജെന്‍ഡര്‍ ബജറ്റിംഗ് ഐക്യരാഷ്ട്രസഭയുടെ അഭിനന്ദത്തിന് അര്‍ഹമായ പ്രവര്‍ത്തനമായിരുന്നു. രാജ്യത്ത് തന്നെ ഇതാദ്യമായാണ് ഇത്തരത്തിലൊരു ജെന്‍ഡര്‍ ബജറ്റിംഗ് നടക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും വികസനവും ക്ഷേമവും ഉറപ്പാക്കാന്‍ വനിതാശിശുവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നുണ്ട് . വനിതാശിശുവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്റ്റേറ്റ് നിര്‍ഭയ സെല്ലിനു കീഴില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനായി നിര്‍ഭയ നയം നടപ്പിലാക്കി. പോക്സോ അതിജീവിതരെ താമസിപ്പിക്കുന്നതിനായി സംസ്ഥാനത്താകെ 19 ഹോമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്
വിജ്ഞാന തൊഴില്‍ മേഖലയില്‍ വിദ്യാര്‍ഥിനികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും, അവരെ തൊഴില്‍ സജ്ജരാക്കുകയും, നവലോക തൊഴില്‍ പരിചയം നല്‍കുകയും ചെയ്യുന്നതിന് എംപവര്‍ പദ്ധതിയുമായി കേരള നോളെജ് ഇക്കോണമി മിഷന്‍ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വനിതാ കോളേജുകളിലെ വിദ്യാര്‍ഥിനികളെയാണ് ഈ പദ്ധതിയുടെ ഭാഗമാക്കുന്നത്. വിദ്യാര്‍ഥിനികള്‍ക്ക് കരിയറില്‍ ഉയര്‍ച്ച നേടുന്നതിനായി മാനസികമായി തയ്യാറാക്കുക, തൊഴില്‍ രംഗത്ത് പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ പ്രാപ്തരാക്കുക, പ്രവൃത്തിപരിചയം നല്‍കുന്ന പരിശീലനങ്ങള്‍ നടത്തുക എന്നിവയാണ് എംപവര്‍ പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
വിജ്ഞാന തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളെജ് ഇക്കോണമി മിഷന്‍ ആരംഭിച്ച തൊഴിലരങ്ങത്തേക്ക് പദ്ധതിക്കു കീഴിലാണ് എംപവര്‍. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വനിതാ കോളേജുകളിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി ‘ഏകദിന കരിയര്‍ ക്ലാരിറ്റി ആന്‍ഡ് വര്‍ക്ക് റെഡിനെസ്’ വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കും. ആദ്യ ഘട്ടത്തില്‍ 56 വനിതാ കോളേജുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
തൊഴില്‍ നിയമങ്ങള്‍, ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്, കരിയര്‍ ബ്രേക്ക്, കരിയര്‍ ഗോള്‍ & ഗ്രോത്ത്, ഇന്റര്‍വ്യൂ പ്രിപ്പറേഷന്‍, റെസ്യുമെ ബില്‍ഡിങ്, ഇന്‍ഡസ്ട്രി എക്സ്പേര്‍ട് സെഷന്‍ തുടങ്ങിയവ വര്‍ക്ക്ഷോപ്പിന്റെ ഭാഗമാകും. എംപവര്‍ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ വര്‍ക്ക്ഷോപ്പ് കോഴിക്കോട് ജില്ലയിലെ വെള്ളാനൂര്‍ സാവിത്രി ദേവി സാബൂ മെമ്മോറിയല്‍ വിമന്‍സ് കോളേജില്‍ നടന്നു. മാര്‍ച്ച് മാസത്തോടെ എല്ലാ ജില്ലകളിലും വര്‍ക്ക്ഷോപ്പുകള്‍ പൂര്‍ത്തിയാക്കും.
നിലവില്‍ സ്ത്രീകള്‍ തൊഴില്‍ നേടുന്നതുമായി ബന്ധപ്പെട്ട് നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ മറികടക്കുന്നതിനായി കേരള നോളെജ് ഇക്കോണമി മിഷന്‍ എംപവര്‍ പദ്ധതിയിലൂടെ ആവശ്യമായ എല്ലാ പിന്തുണയും നല്‍കും. ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം വിദ്യാര്‍ഥിനികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിനുള്ള വഴികള്‍ തുറക്കുകയും, അവരെ തൊഴില്‍ വിപണിയിലേക്ക് പ്രാപ്തരാക്കുകയും ചെയ്യുന്നതാണ്. തൊഴില്‍ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഒരു ശക്തമായ വിജ്ഞാന തൊഴില്മേഖല രൂപീകരിക്കുകയാണ് എംപവര്‍ പദ്ധതിയുടെ ദൗത്യം.
സംസ്ഥാനത്തെ തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പോഷ് ആക്ട് പ്രകാരം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇന്റേണല്‍ കമ്മിറ്റികള്‍ (ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി) രൂപീകരിച്ചു. സംസ്ഥാനത്തെ 95 സര്‍ക്കാര്‍ വകുപ്പുകളിലെ പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലുമാണ് ഇന്റേണല്‍ കമ്മിറ്റി(ഐ.സി.)കള്‍ രൂപീകരിച്ചിട്ടുള്ളത്.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള ലൈംഗികാതിക്രമം തടയാനും പോഷ് ആക്ട് പ്രകാരമുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കാനും 2023 ജനുവരിയിലാണ് വനിതാ ശിശുവികസന വകുപ്പ് പോഷ് പോര്‍ട്ടല്‍ ആരംഭിച്ചത്. ആയിരത്തോളം സ്ഥാപനങ്ങളിലാണ് സംവിധാനം ഉണ്ടായിരുന്നത്. ഇത് പരമാവധി സ്ഥാപനങ്ങളില്‍ ആരംഭിക്കാന്‍ 2024 ഓഗസ്റ്റില്‍ ജില്ലാ അടിസ്ഥാനത്തില്‍ ക്യാമ്പയിന്‍ ആരംഭിച്ചു. നിലവില്‍ പോഷ് പോര്‍ട്ടലില്‍ കാല്‍ ലക്ഷത്തോളം സ്ഥാപനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ത്രീകളുടെ ഉന്നമനത്തോടൊപ്പം അവര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷവും ഉറപ്പാക്കാനാണ് വനിതാ ശിശു വികസന വകുപ്പ് ശ്രമിക്കുന്നത്. ഐടി പാര്‍ക്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയും ഐ.സി. കമ്മിറ്റികളുള്ള സ്ഥാപനങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം ആവിഷ്‌കരിച്ചത്. ഇതിലൂടെ ഏതൊക്കെ സ്ഥാപനങ്ങളില്‍ നിലവില്‍ ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടില്ല എന്നുള്ളത് മനസിലാക്കാന്‍ സാധിക്കും. ഇതിലൂടെ നിലവിലുള്ള എല്ലാ ഇന്റേണല്‍ കമ്മിറ്റികളുടേയും പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മോണിറ്റര്‍ ചെയ്യുന്നതിനും ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനും വകുപ്പിന് സാധിക്കും. സ്ത്രീകള്‍ക്ക് ലഭ്യമാകേണ്ട നിയമ സംരക്ഷണവും നീതിയും ഇതിലൂടെ ഉറപ്പാക്കാനും കഴിയുന്നു.