x
NE WS KE RA LA
Uncategorized

വയനാട്ടിൽ നരഭോജി കടുവ ചത്തനിലയിൽ; ചത്തത് രാധയെ കൊന്ന കടുവയെന്ന് വനം വകുപ്പ്

വയനാട്ടിൽ നരഭോജി കടുവ ചത്തനിലയിൽ; ചത്തത് രാധയെ കൊന്ന കടുവയെന്ന് വനം വകുപ്പ്
  • PublishedJanuary 27, 2025

മാനന്തവാടി: വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ കണ്ടെത്തിയ നരഭോജി കടുവ ചത്തനിലയിൽ. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിൽ പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് അധികൃതർ അറിയിച്ചു.

കൂടാതെ കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള രണ്ട് വലിയ മുറിവുകൾ കണ്ടെത്തി. രാത്രി 12.30 തോടെയാണ് കാടിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട സ്ഥലത്ത് ആയിരുന്നു കടുവയെ ആദ്യം അവശനിലയിൽ കണ്ടത്. 2 മണിക്കൂർ നേരം കടുവയ്ക്കു പിറകെ പോയി. പിന്നീടാണ് ചത്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്ന് വനംവകുപ്പിന്റെ നിഗമനം.

കടുവയുടെ കാൽപ്പാടുകൾ കണ്ടാണ് പിന്തുടർന്നത്. കടുവയുടെ ദേഹത്തുളള ചില മുറിവുകൾ പഴക്കമുള്ളതാണ്. ഒപ്പം കടുവയെ പോസ്റ്റ്‌ മോർട്ടം നടപടികൾക്കായി കുപ്പാടി വൈൽഡ് ലൈഫ് വെറ്റിറിനറി ആശുപത്രിയിലേക്ക് കൊണ്ടു പോയി.

മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കഴിഞ്ഞ 24 നാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് വനംവകുപ്പ് താത്കാലിക വനംവാച്ചറായ അപ്പച്ചന്റെ ഭാര്യ രാധയെ കടുവ ആക്രമിച്ചത്. സാധാരണ പരിശോധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷമായതോടെയാണ് നരഭോജി കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *