സ്‌കൂളിലെ മൈക്കും സംവിധാനങ്ങളും മോഷ്ടിച്ച ആള്‍ പിടിയില്‍
കോഴിക്കോട്: ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂളിലെ രണ്ട് മൈക്കും സൗണ്ട് മിക്‌സറും മോഷ്ടിച്ച സംഭവത്തില്‍ ഫറോക്ക് നല്ലൂര്‍ സ്വദേശി പൂത്തോടത്തില്‍ വീട്ടില്‍ മനോജ് കുമാറിനെ (59) മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം പത്തിന് പകല്‍ സമയത്താണ് ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂളിലെ കോണ്‍ഫറന്‍സ് ഹാളില്‍ സ്ഥാപിച്ചിരുന്ന രണ്ടു മൈക്കും സൗണ്ട് മിക്‌സറും മോഷണം പോയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസ് സമീപപ്രദേശങ്ങളിലെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും സൈബര്‍ സെല്ലുമായി ചേര്‍ന്നും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് വെള്ളിപറമ്പിനു സമീപം പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഇയാള്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന വ്യക്തിയാണെന്നും സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ വികാരിയുടെ കിടപ്പ് മുറിയില്‍ നിന്ന് മൊബൈല്‍ ഫോണും പേഴ്‌സില്‍ സൂക്ഷിച്ച 10,000 രൂപയും രണ്ട് എടിഎം കാര്‍ഡും മോഷണം നടത്തിയതിനും തൃശൂര്‍ റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ യാത്രക്കാര്‍ക്കും മറ്റും പൊതുജന ശല്യം ഉണ്ടാക്കിയതിനും കോഴിക്കോട് ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലെ ജീവനക്കാരുടെ നാലു മൊബൈല്‍ ഫോണ്‍ കളവ് ചെയ്തതിനും മറ്റുമായി നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.
മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണര്‍ ഉമേഷിന്റെ ക്രൈം സ്‌ക്വാഡിലെ സിപിഒമാരായ വിഷ് ലാല്‍, ദീപക് എന്നിവരും മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ എസ്‌ഐമാരായ അരുണ്‍, സന്തോഷ് ചന്ദ്രന്‍, പ്രവീണ്‍, സിപിഒമാരായ ജാസര്‍, രഞ്ജു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയില്‍ നിന്നും മോഷണം നടത്തിയ സൗണ്ട് മിക്‌സര്‍ പൊലീസ് കണ്ടെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.