ടോപ് സ്ലിപ്പിൽ ട്രക്കിങ്ങിന് വന്ന മലയാളി ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

പൊള്ളാച്ചി: ടോപ് സ്ലിപ്പ് ഭാഗത്ത് ട്രക്കിങ്ങിന് വന്ന മലയാളി ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. സംഭവത്തിൽ തിരുവനന്തപുരം കല്ലമ്പലം ചാത്തൻപാറ പൂന്തോട്ടത്തിൽ ഡോ. അജ്‌സൽ എ.സൈൻ (26) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഫാദിൽ തയ്യിബ് രാജിന് പൊള്ളാച്ചി ആശുപത്രിയിൽ ചികിത്സ നൽകി. ഞായറാഴ്ച വൈകീട്ടാണ് സംഭവം ഉണ്ടായത്.
തിരുവനന്തപുരത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ അജ്സൽ സുഹൃത്തിനൊപ്പം തമിഴ്‌നാട് ട്രക്കിങ് ടൂറിസം പദ്ധതിയിൽ രജിസ്റ്റർ ചെയ്താണ് ആനമല കടുവ സങ്കേതത്തിലെ ടോപ് സ്ലിപ്പ്-പണ്ടാരവരെ-കരിയൻചോല സെക്ഷനിൽ ട്രക്കിങ്ങിന് എത്തിയത്. ഗൈഡുമാരുടെ സഹായത്തോടെ ട്രക്കിങ് പൂർത്തിയാക്കിയ ഇരുവരും വൈകീട്ട് നാലരയോടെ ടോപ് സ്ലിപ്പിലെത്തുകയും. അവിടെ അൽപ നേരം വിശ്രമിക്കാൻ ഇരുന്ന അജ്‌സൽ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. ഉടൻ തന്നെ വനംവകുപ്പിന്റെ ആംബുലൻസിൽ വേട്ടക്കാരൻപുതൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അജ്‌സലിന്റെ വീട്ടുകാരുടെ പരാതിയിൽ ആനമല പൊലീസ് കേസെടുത്തു.
മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാതാവ്: കെ.എം. അനീസ ബീവി (റിട്ട. പ്രധാനധ്യാപിക). സഹോദരൻ: ഡോ. അജ്മൽ എ. സൈൻ. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് കടുവയിൽ പള്ളി കബർസ്ഥാനിൽ നടന്നു